Sunday, January 20, 2008

കുറ്റബോധം.

വചനോത്സവം സ്‌പെഷല്‍ പ്രഭാഷണം നടത്താനെത്തിയ കപ്പൂച്ചി അച്ചന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ അമ്മാമ്മ മുന്‍‌വരിയിലിരുന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷം.

‘ആലീസ് ദിവസേനെ പള്ളിയില്‍ പോകുന്നോളും നല്ലപ്രായത്ത് കാണാന്‍ മിടുക്കിയുമായിരുന്നു. എന്നിട്ടും മരിച്ചപ്പോള്‍ നേരെ നരകത്തിലേ പോയിക്കാണൂ. എന്തുകൊണ്ട്?

‘അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവളും കിട്ടിയ ചാന്‍സിനെല്ലാം മറ്റുള്ളവര്‍ക്ക് പാരവക്കുന്നവളുമായിരുന്നു‘ അതു തന്നെ!

ഇത് കേട്ടപാടെ ദിവസേന പള്ളിയില്‍ വന്നിരുന്ന ആ അമ്മാമ്മയുടെ മുഖമൊന്ന് വാടി.

‘സ്വന്തം സുഖങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കുമായി പാപങ്ങള്‍ ചെയ്തുകൂട്ടുന്നവരോര്‍ക്കുക, പരലോകത്ത് നിങ്ങളുടെ സ്ഥാനം, ദിവസേനെ ടണ്‍ ടണ്‍ കണക്കിന് ചിരട്ടകള്‍ കത്തുന്ന നരകത്തിലായിരിക്കും’

ഇതും കൂടി ആയപ്പോള്‍ അമ്മാമ്മയുടെ ഡെസ്പ്, ചങ്കിലേക്കൊരു കഴപ്പായി പടര്‍ന്നുകയറി.

‘മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കണം. ഓരോരുത്തര്‍ക്കും നമ്മാല്‍ കഴിയുന്നത്ര സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. അതാണ് ദൈവം നമ്മോട് പറഞ്ഞത്. ഉപദ്രവം ചെയ്യാതിരുന്നതുകൊണ്ട് മാത്രമായില്ല. മത്തായിയുടെ ആട് വന്ന്‍ അന്തോണിയുടെ വാഴ തിന്നുമ്പോള്‍‍, ‘അന്തോണിക്കാ ആ വാഴയുടെ കുല കിട്ടാന്‍ യോഗമില്ല. മത്തായിക്ക് നല്ല തെറി കിട്ടാന്‍ യോഗമുണ്ടേനും!‘ എന്ന് പറഞ്ഞ് പോകുന്നവനായിരിക്കരുത് ഒരു സത്യകൃസ്ത്യാനി!

അത് പറഞ്ഞ് അച്ചന്‍ താഴേക്ക്, പേപ്പറില്‍ അടുത്ത പോയിന്റ് നോക്ക്യ നേരത്ത്, അത്രയും നേരം കണ്ട്രോള്‍ ചെയ്ത് നിന്ന അമ്മാമ്മഒറ്റക്കരച്ചില്‍.

സാധാരണ അരമുക്കാല്‍ മണിക്കൂര്‍ പ്രഭാഷണം നടത്തി പരിപാടി അവസാനിപ്പിക്കാറുള്ള അച്ചനന്ന് ഒന്നര മണിക്കൂറാക്കിയത് അമ്മാമ്മയുടെ ഈ ലൈവ് റെസ്‌പോണ്‍സ് കണ്ടിട്ടായിരുന്നു.

ഓരോ വരിക്കും ശേഷം അമ്മാമ്മ വിങ്ങിപൊട്ടി. നെഞ്ചുതടവി. മൂക്കു ചീറ്റി. കുറ്റബോധം..കുറ്റബോധം..കടുത്ത കുറ്റബോധം!

ഇത് കണ്ട് വല്യച്ചന്‍ കപ്പൂച്ചി അച്ചനോട് ഡോസിത്തിരി കുറച്ചോളാന്‍ കണ്ണുകൊണ്ടാക്ഷന്‍ കാണിച്ചു.

പ്രഭാഷണത്തിനവസാനം, കരഞ്ഞ് തളര്‍ന്ന് വിവശയായ അമ്മാമ്മയുടെ അടുത്തേക്ക് വന്ന അച്ചന്‍, അമ്മാമ്മയുടെ കൂപ്പിപ്പിടിച്ച കൈകളില്‍ പിടിച്ച് ചോദിച്ചു.

‘അപ്പോള്‍ അമ്മാമ്മ നരകത്തിലെക്കൊരു വാഗ്ദാനമാണല്ലേ?’

അതുകേട്ട് കണ്ണ് തുടച്ചുകൊണ്ടമ്മാമ്മ പറഞ്ഞു.

‘അതല്ലച്ചോ. പ്രസംഗിച്ചപ്പോള്‍ അച്ചന്റെ ഈ താടി കിടന്നനങ്ങണത് കണ്ടപ്പോള്‍, തമിഴന്‍ ലോറിയിടിച്ച് ചത്ത എന്റെ ആട്ടുമ്മുട്ടന്‍ പ്ലായല തിന്നണത് ഓര്‍മ്മ വന്നു. ആയിരം രൂപക്ക് ചോദിച്ചിട്ട് കൊടുക്കാണ്ട് നിര്‍ത്തിയതാര്‍ന്നു. സഹിക്കാന്‍‍ പറ്റണില്ല ച്ചോ!‘

Thursday, November 29, 2007

അതെന്താ??

പൈലേട്ടന്റെ മോള്‍ മേഴ്സിക്കുട്ടി അമേരിക്കയിലാണ്. മരുമാനും കൊച്ചുമക്കളും അവിടെ തന്നെ.

ആണ്ടോടാണ്ട് കൂടുമ്പോള്‍ മേഴ്സി ഏന്റ് കമ്പനി നാട്ടില്‍ വരും. ഒരുമാസം ലീവിന്. മേഴ്സിച്ചേച്ചീടെ രണ്ടാമന് പ്രായം നാലേ ഉള്ളൂവെങ്കിലും ആളൊരു ജഗജില്ലിയാണ്. എന്ത് കേട്ടാലും എന്തുകണ്ടാലും സംശയമാണ്. 24 മണിക്കൂറ് സംശയം.

ആദ്യമാദ്യം പൈലേട്ടന്‍ ‘മിടുക്കന്‍. മിടുമുടുക്കന്‍‍.. ഗുഡ് ക്വസ്റ്റ്യന്‍.. ബ്രൈറ്റ് ബോയ്’എന്നൊക്കെ പറഞ്ഞെങ്കിലും പിന്നെ പിന്നെ ഗുഡ് ട്രൈനിന്റെ ബോഗികള്‍ പോലെ ഒന്നിനുപുറകേ ഒന്നായി വന്നതിന് ഉത്തരം പറഞ്ഞ് പറഞ്ഞ് ഒരു വഴിക്കായപ്പോള്‍ ആ അഭിപ്രായത്തിന് ഡിപ്രീസിയേഷന്‍ വന്നുകൊണ്ടിരുന്നു. പൈലേട്ടന്‍ കൊച്ചിനെ കാണുമ്പോള്‍ അവിടന്ന് എത്രയും പെട്ടെന്ന് സ്കൂട്ടായി നടന്നും തുടങ്ങിയത്രേ.

ഒരു ദിവസം, പൈലേട്ടന്‍ കൈക്കോട്ടിന് മുളയുടെ പൂള്‍ വക്കുമ്പോള്‍ കൊച്ച് വന്ന് ചോദിച്ചു.

‘ഇതെന്താ?’

‘കൈക്കോട്ട്!‘

‘ഇതെന്തിനാ?’

‘മണ്ണ് കിളക്കാന്‍ ‘

‘അതെന്തിനാ?‘

അന്തമില്ലാതെ വരുന്ന ചോദ്യശരങ്ങള്‍ കേട്ട് കുരു പൊട്ടിയ പൈലേട്ടന്‍ ഇരുന്നിടത്തുനിന്നും ചാടിയെണീറ്റ് അക്രോശിച്ചുകൊണ്ട് പറഞ്ഞു:

‘ഒരു വല്യ കുഴി കുത്തി എന്നേം നിന്റെ അമ്മാമ്മേം അതിലിട്ട് മൂടാന്‍! പാമ്പുകടിക്കാന്‍... മനുഷ്യന് തലചെവിക്ക് ഒരു ത്വയിരം കിട്ടിയിട്ട് ആഴ്ച രണ്ടായി.. രോമം ക്ടാവേ... കൈക്കോട്ടും തായയാ എന്റെ കയ്യില്‍!‘

Wednesday, November 28, 2007

റൈറ്റും ലെഫ്റ്റും

ഓട്ടോ ആന്റപ്പനന്ന് കൊടകര നിന്ന് അമ്മാടത്തേക്ക് ഒരു ഓട്ടം പോയതായിരുന്നു.

വഴിക്കുവച്ചൊരു ടി ജങ്ഷനിലെത്തിപ്പോള്‍ യാത്രക്കാരന്‍ പറഞ്ഞു.

‘ഇനി റൈറ്റ് പോട്ടെ ട്ടാ!’

‘ഓക്കെ, ഓക്കെ‘ എന്ന് പറഞ്ഞ് നേരെ ലെഫ്റ്റിലേക്ക് വളച്ച ആന്റപ്പനോട് യാത്രക്കാരന്‍,

‘ഹേയ്.. റൈറ്റ് എടുക്കാന്‍ പറഞ്ഞിട്ട്... ഇതെവിടേക്കാ ഇങ്ങോട്ട് ?’ എന്ന് ചോദിച്ചപ്പോള്‍ , വണ്ടി ചവിട്ടി നിര്‍ത്തി പിറകിലേക്ക് തിരിഞ്ഞ് ആന്റപ്പന്‍ പറഞ്ഞത്രേ.

‘ഞാന്‍ വിചാരിച്ചു, ഈ റൈറ്റാവും ന്ന്!’

Thursday, October 11, 2007

പോക്കറ്റടി

തൃശ്ശൂര്‍ റൌണ്ടിലൂടെ, ഭാവി ഏത്‌ ഭൂതത്തിന്റെ കയ്യിലായിരിക്കുമെന്നാലോചിച്ച്‌ സ്വയം വർത്തമാനം പറഞ്ഞ്‌ നടന്നിരുന്ന പല ഉച്ചകളിലൊന്നില്‍.

രാഗം തിയറ്ററിന്റെ മുന്‍പില്‍ വച്ച്‌ എന്റെ ശരീരത്തിലാരോ മുട്ടി. നേർക്കുനേരെയുള്ള ഷോള്‍ഡറ് മുട്ടല്‍. സോറികള്‍ക്ക്‌ പകരം, മുട്ടലില്‍ പങ്കെടുത്ത അദ്ദേഹവും ഞാനും ഒന്നുംകൂടി ആറ്ഭാടമായി 'മുട്ടാന്‍ണ്ട്രാ' എന്ന ഭാവം കൈമാറി.

ജോസിന്റെ മുന്നിലെത്തിയപ്പോള്‍, വെറുതെ പോക്കറ്റില്‍ ഒന്ന് ടച്ച്‌ ചെയ്‌തു.

‘യെസ്‌!!! മൂന്ന് ദിവസം മുന്‍പ്‌ കരണ്ട്‌ ബില്ലടക്കാന്‍ തന്ന 50 രൂപ ഷറ്ട്ടിന്റെ പോക്കറ്റില്‍ നിന്ന് അബ്‌സ്കോണ്ടിങ്ങ്‌. ഒടുക്കത്തെ പങ്‌ച്വാലിറ്റിയായതുകൊണ്ട്‌ അടക്കാന്‍ ടൈം കിട്ടിയില്ലായിരുന്നു.

അഞ്ഞൂറ്‌ രൂപ നഷ്ടപ്പെട്ടാല്‍ ആത്മഹത്യയെക്കുറിച്ച്‌ വരെ ചിന്തിക്കുമായിരുന്ന അക്കാലത്ത്‌, അമ്പത്‌ രൂപയും വലിയ വിഷയം തന്നെ. വീട്ടിലെന്ത്‌ പറയുമെന്നോറ്ക്കുമ്പോള്‍ ഗംഗയെപ്പോലെ വെറും പാവവും, മുട്ടിയ മഹാത്മാവിനെക്കുറിച്ചോറ്ക്കുമ്പോള്‍ നാഗവല്ലനെപ്പോലെ കൊടും ക്രൂരനുമായി ഓരോ അഞ്ച്‌ മിനിറ്റിലും മാറി മാറി, കൊടകരയെത്തിയപ്പോഴേക്കും ഞാനൊരു പാവം ക്രൂരനായി മാറി.

വീട്‌; ബസിലിരുന്ന് കാണുമ്പോള്‍ തന്നെ വിശപ്പ്‌ തലക്കടിച്ച് തുടങ്ങുന്ന എനിക്കന്ന് എന്തോ തീരെ വിശപ്പ്‌ തോന്നിയില്ല.

എന്നെക്കണ്ടതും, അമ്മ:

" എത്ര ദിവസം മുന്‍പേ പറഞ്ഞതാ, ഇതുവരേ നിനക്കാ കരണ്ട്‌ ബില്ല് അടക്കാന്‍ കഴിഞ്ഞില്ലല്ലേ ? ഇനി അയലോക്കത്താരെയെങ്കിലും വിട്ട്‌ അടപ്പിക്കാന്‍ വേണ്ടിയാണോ നീ കാര്‍ഡും കാശും മേശേമെ വച്ച്‌ പോയത്‌?? ഇങ്ങിനെ കുടുംബത്തേക്ക്‌ യാതൊരു ഉപകാരവുമില്ലാണ്ടാവല്ലേടാ മോനേ "

ഓര്‍ശക്തിയില്‍ അഭിമാനം പൂണ്ട്‌, മുട്ടിയ ചേട്ടനോട്‌ സൈലന്റായി ഒരു സോറിയും പറഞ്ഞ്‌ കൈ കഴുകി ചമ്രം പടിഞ്ഞിരുന്ന് ആഹ്ലാദചിത്തനായി റിലാക്സ്ഡായി വിളിച്ചുപറഞ്ഞു.

'അമ്മേ......ചോറെടുക്ക്‌'

കെച്ചപ്പ്

ലഞ്ചിന് പിസ കഴിക്കാന്‍ പോയ ഒരു ദിവസം. ഫോണില്‍ ആരോടോ സംസാരിച്ചുകൊണ്ട്‌ പെപ്സിയാണെന്നു കരുതി ഞാനെടുത്ത് വായിലേക്ക് ഒഴിച്ചത് കെച്ചപ്പിന്റെ ബോട്ടില്‍ .

'ഇതെന്താ വീഴാത്തേ' എന്ന് വിചാരിച്ച്‌ കുപ്പിയിലേക്ക്‌ നോക്കിയപ്പോഴല്ലേ...കാര്യം മനസ്സിലായത്.

പതുക്കെ കുപ്പി താഴെ വച്ച്, പ്രകടനം ആരെങ്കിലും കണ്ടോയെന്നറിയാന്‍ ചുറ്റും നോക്കിയപ്പോ, ഒരു അറബിക്കൊച്ച്‌ 'കൌതുകലോകം'കാണുന്ന കണക്കെ, ആശ്ചര്യത്തോടെ എന്നെ നോക്കി അതിന്റെ അമ്മയേ എന്നെ കാട്ടികൊടുക്കാനായി മാന്തുന്നു!

കെച്ചപ്പ്‌ കുപ്പിയോടെ ‘ടുമ ടുമാന്ന്‘ കുടിക്കുന്നവരും ഈ ഭൂമിയിലുണ്ടോ പടച്ചോനേ.... എന്നാകും ആ കൊച്ച്‌ ചിന്തിച്ചിരിക്കുക.

ഹവ്വെവര്‍, തകര്‍ന്ന മാനവുമായി അരവിന്ദന്‍ പറഞ്ഞ ‘ബ് ബ് ഹ്‌’ എന്ന ചിരിയോടെ ഞാനവിടെ നിന്നും ഓടിരക്ഷപ്പെട്ടു.

ഗഡി & ചുള്ളന്‍

ഗഡി:
ഗഡിയെന്നാല്‍ 'അടുത്ത സുഹൃത്ത്‌' എന്നും 'സോള്‍ ഗഡി' എന്നാല്‍ വളരെ അടുത്ത സുഹൃത്ത്‌ എന്നതുമാണ്‌ പൊതുവില്‍ അര്‍ത്ഥമെങ്കിലും, നമ്മളോട്‌ അടുപ്പമുള്ള വ്യക്തിയോട്‌ വേറൊരു വ്യക്തിയെ പറ്റി പറയുമ്പോള്‍ അദ്ദേഹത്തെ ഗഡി എന്ന് പരാമര്‍ശിക്കുന്നു.

ഉദാ:-
*ഇന്നലെ പാതിരാക്ക്‌ എതോ ഒരു അറബി എന്നെ ഫോണില്‍ വിളിച്ച്‌ അറബീല്‌ ജാതി പെരുക്കിഷ്ടാ.

'മനുഷ്യനെ മിനക്കെടുത്താതെ പോയി കിടന്നൊറങ്ങറ ഗഡീ'

എന്ന്‌ പറഞ്ഞ്‌ ഞാന്‍ മൊബെയില്‍ സ്വിച്ചോഫ്‌ ചെയ്തുവച്ചു.
ഇതിലെ ഗഡി അപരിചിതനായ അറബിയാണ്‌.

ചുള്ളന്‍:
സുന്ദരന്‍ എന്ന് തന്നെ അര്‍ത്ഥം. സുന്ദരാ അല്ലേ സുന്ദരീ എന്ന് വിളിച്ചാല്‍ ആര്‍ക്കും വല്യ പരാതിയൊന്നുമുണ്ടാവാത്തതുകൊണ്ടത്രേ അത്‌ വ്യാപകമായ വിളിയായിക്കിയത്‌. ഇപ്പോ ചുള്ളനും ഗഡിയും ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിച്ചുവരുന്നുണ്ട്‌

ഉദാ:-
സ്വന്തം അച്ഛന്‍ ഡ്രസ്സ്‌ മാറി രാവിലെ പുറത്തേക്ക്‌ പോകുന്നത്‌ കണ്ട്‌ അമ്മയോട്‌ മകന്‍ ചോദിക്കുന്നു

*അമ്മേ, ദെവിടേക്കാ കാലത്ത്‌ തന്നെ ചുള്ളന്‍ ചെമ്പ്‌ റോളില്‍..?
* * *
പി.എസ്.: ഞാന്‍ ബ്ലോഗില്‍ സാധാരണ ഗഡിയെന്നും ചുള്ളനെന്നും വിളിക്കുന്നത്‌ 'പ്രിയ സുഹൃത്തേ' എന്ന അര്‍ത്ഥത്തിലാണ്‌.

മാത്തപ്പന്‍

അന്ന് ചേട്ടന്‍ ബഹറിനില്‍ നിന്ന് ആദ്യമായി വെക്കേഷന്‌ നാട്ടില്‍ വരുന്ന ദിവസമായിരുന്നു.

ചേട്ടന്റെ ഫേവറൈറ്റ്‌ ചക്കക്കൂട്ടാനും കൂര്‍ക്ക ഉപ്പേരിക്കും പുറമേ ചേട്ടന്‌ ഒരു കിലോ ആട്ടിറച്ചിയും ഞങ്ങള്‍ക്ക്‌ പോത്തിറച്ചിയും വാങ്ങി എല്ലാമൊരുക്കി ഞങ്ങള്‍ കാത്തിരുന്നു.

പ്രതീക്ഷിച്ചതിലും നേരത്തേ ചേട്ടനേയും കൊണ്ട്‌ വിജയേട്ടനും സംഘവും എത്തി. ബ്രൂട്ടിന്റെ രൂക്ഷഗന്ധം അവിടമാകെ വ്യാപിച്ചു.

കെട്ടിപ്പിടുത്തങ്ങള്‍ക്കും കരച്ചിലും പിഴിച്ചിലിനും ശേഷം ഹാളിലെത്തി, മൊത്തത്തില്‍ ഒന്ന് കണ്ണോടിച്ച ചേട്ടന്‍ സ്വിച്ച്‌ ബോഡിലേക്ക്‌ നോക്കി മുഖത്ത്‌, 'ങേ..?' എന്നൊരു ചോദ്യഛിന്നത്തൊടെ അമ്മയോട്‌ ചോദിച്ചു.

ഏതാ ഈ മാത്തപ്പന്‍???

പൊട്ടിച്ചിരിച്ചിരികള്‍ക്കിടയില്‍ ഞാന്‍ പോയി, സ്വിച്ച്‌ ബോഡില്‍ തിരുകി വച്ച, 'ശ്രീ.മുത്തപ്പന്‍* ഈ വീടിന്റെ ഐശ്വര്യം' എന്ന് എഴുതിയ തകിട്‌ എടുത്ത്‌ പൊന്തിച്ചു വച്ചു.

*മ ഉ(ചിഹ്നം)ത്തപ്പന്‍

അന്ദ്രേ ആഗസി

ഷാജൂന്റെ അമ്മാ‍മ്മ കാലത്തെണീറ്റാ വൈന്നാരാവും വരെ ടീ.വീ.ലെ മുന്നീന്ന് എണീക്കാതെ, ‘പിക്ചര്‍ ട്യൂബ് അടിച്ച് പോകും ട്ടാ’ എന്ന വാണിങ്ങ് പരിഗണിക്കാതെ ടിവി കണ്ട് ഒരു ടെന്നീസ് ഫാനായി മാറി.

ഒരിക്കല്‍ കളിമണ്‍ ഗോരായില്‍ (?) ഒന്നിനുപുറകേ ഒന്നായി ഏയ്സുകള്‍ പായിച്ചുകൊണ്ടിരുന്ന അന്ദ്രേ ആഗസിയെയും അത് നോക്കി ‘ചുണ്ട് കടിച്ച് പിടിച്ച്’ കയ്യടിക്കുന്ന സ്റ്റെഫി ഗ്രാഫിനേം കണ്ടുകൊണ്ടിരിക്കേ, അമ്മാമ്മ പിന്നീക്കോടെ വന്ന് ഷാജു ഒട്ടും പ്രതീക്ഷിക്കാത്ത തരം ഒരു ചോദ്യം ചോദിച്ചു!!

‘ഡാ ഈ മൊട്ടത്തലന്‍ എവിടെത്തുകാരനാണ്ഡാ..?’

അവന്‍ അമ്മാമ്മയെ ഒന്ന് നോക്കുക മാത്രേ ചെയ്തുള്ളൂ. ഒന്നും പറഞ്ഞില്ല.

പിറ്റേന്ന് അതിരാവിലെ അമ്മാമ്മ; ഷാജൂനെ കണ്ടതും പറഞ്ഞത്രേ!

‘ഡാ അയ്യാള്‍ ആന്ത്രാക്കാരനാണ്ഡാ...’

ഡിസ്ക്ലൈമര്‍: ഇത് ഞാനുണ്ടാക്കിയതൊന്നുമല്ല, സത്യം. ഷാജു പറഞ്ഞതാ...

Friday, June 22, 2007

കാശുകാരനും പാവപ്പെട്ടവനും

കൊറേ കൊല്ലം മുന്ന്, രണ്ട്‌ അയലക്കക്കാര്‍ ഏറെക്കൊറെ ഒരേ ടൈമില്‍ പടായി, സ്വര്‍ഗ്ഗത്തിലെത്തി.

അതിലൊരു ചുള്ളന്‍ ചുട്ട കാശുകാരനും മറ്റോന്‍ യാതൊരു ഗതിയുമില്ലാത്ത ടീമുമാര്‍ന്നു.

ആദ്യം സ്കൂട്ടായത്, കാശില്ലാത്തോനാര്‍ന്നു.

ചുള്ളന്‍ നേരെ സ്വര്‍ഗ്ഗത്തിന്റെ ഗേയ്റ്റിന്റെ അവടെ ചെന്ന് പേരും ഡീറ്റെയ്‌ല്സും പറഞ്ഞപ്പോ.... സെക്യൂരിറ്റി

'ദാ... ദയിലേ അങ്ങട്‌ പോയിട്ട്‌... ദപ്രത്തുകൂടെ ചെന്ന് ആ ഹാളിപ്പോയിരുന്നോ ട്ടാ' എന്ന് പറഞ്ഞു.

നടന്‍ അതു കേട്ട്‌ പതുക്കെ നടന്നു പോകും വഴി, വെറുതെ ഒന്ന് തിരിഞ്ഞുനോക്കിയപ്പോ ദേ... അയലോക്കക്കാരന്‍ ഗേയ്റ്റിന്റെ അവിടെ നില്‍ക്കണ്‌.

എന്നാ അവനും കൂടെ വന്നിട്ട്‌ പൂവാന്ന് വച്ച്‌ അവിടെ വെയ്റ്റ്‌ ചെയ്തു .

കാശുകാരന്‍ വന്നപ്പോള്‍ സെക്യൂരിറ്റി പറഞ്ഞു

'ഒരു മിനിറ്റ്‌ നിക്ക്‌ ട്ടാ. ഞാന്‍ ദൈവത്തിനോട്‌ ഒന്ന് പറയട്ടെ‘

എന്നിട്ട്‌ അവിടന്ന് വിളിച്ച്‌ പറഞ്ഞു:

"ദൈവേ... ദേ ആ ആള്‌ വന്നൂട്ടാ.."


അത്‌ കേള്‍ക്കല്ലാ... ദൈവം വല്യ ഒരു മാലയും ബൊക്കെയുമായി നേരിട്ട്‌ ഇറങ്ങി ഓടി വരുന്നു.. കൂടാതെ ഒരു ഫുള്‍ ബാന്റ്‌ സെറ്റ്‌ ടീമും.

എന്നിട്ട്‌ ഈ കാശുകാരനെ മാലയിടീച്ച്‌... 'വിശുദ്ധനായ സെബാസ്റ്റ്യാനോസേ.. പാട്ടൊക്കെ വച്ച്‌ ... ജാതി ഗംഭീര സ്വീകരണം'

ഇത്‌ കണ്ടിട്ട്‌ ചങ്ക്‌ കലങ്ങിപ്പോയ നമ്മുടെ പാവപ്പെട്ടവന്‍ ഗഡി, ബഹളങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ ദൈവത്തിനോട്‌ പേഴ്സണലായി പറഞ്ഞു:

'ഇതൊരുമാതിരി ഊ....(ച്ചാളി) പരിപാടി ആയിട്ടാ ദൈവേ. എവിടെ ചെന്നാലും, അപ്പോ കാശുകാര്‍ക്കേ മാര്‍ക്കറ്റുള്ളൂ, അതിനി സ്വര്‍ഗ്ഗായാലും! എന്നാലും ഇത് വളരെ മോശായി!'

അപ്പോള്‍ ദൈവം പറഞ്ഞു:

'അതല്ലഡാ.. ഇവനേ. നമുക്ക്‌ പണക്കാരെന്നോ പാവപ്പെട്ടവനെന്നോ നോട്ടമോ...സ്പെഷല്‍ കണ്‍സിഡറേഷനോ ഇല്ല. പക്ഷെ... അവന്‌ സ്വീകരണം കൊടുത്തേന്റെ കേസെന്താന്ന് ചോച്ചാല്‍......

"എത്രയോ കൊല്ലങ്ങള് കഴിഞ്ഞിട്ടാ ഒരു പണക്കാരന്‍ ഈ പടി കടന്ന് വന്നേന്ന് നിനക്കറിയോ?? അത്‌ ഞങ്ങളൊന്ന് ആഘോഷിച്ചു. അത്രേ ഉള്ളൂ!"

Saturday, November 04, 2006

ആകാശത്ത് വച്ച്..

ഇത്തവണയും സീറ്റ്‌ കിട്ടിയത്‌ ഒരമ്മാമ്മയുടെ അടുത്ത്‌ തന്നെ.

ഇതും കൂട്ടി മൊത്തം ഇരുപത്തി നാലാം വിമാനയാത്രയാണ്‌. അടുത്ത സീറ്റില്‍ അമ്മാമ്മ വന്നുപെടുന്നത്‌ പതിനാലാം തവണ! അതിന്റെ ഗുട്ടന്‍സ്‌ എന്താണെന്ന് മനസ്സിലായിട്ടില്ല. ലൈഫില്‍ പതിനെട്ടു തവണ പാമ്പുകടികൊണ്ട ആലപ്പുഴക്കാരി സൗദാമിനിയെപ്പോലെ മറ്റൊരു വിധി.

രൂപത്തിലും വേഷത്തിലും ഭാവത്തിലും സ്വഭാവത്തിലും വെവ്വേറെ പ്രകൃതക്കാരായ പതിനാല് അമ്മാമ്മമാര്‍.

ഇന്നെന്റെ അരികത്തിരിക്കുന്ന അമ്മാമ്മ ഇച്ചിരി തടിച്ച പ്രകൃതമുള്ള ഇരു നിറത്തിലൊരു ഗൗരവക്കാരിയാണ്‌. കക്ഷിയുടെ അപ്പുറത്തെ വിന്റോ സൈഡിലിരിക്കുന്നത്‌ മോളോ മരുമോളോ ആയിരിക്കും. ഇനിയിപ്പോള്‍ കൊച്ചുമൊളാണോ എന്നും തീര്‍ച്ചയില്ല. പ്രൊട്ടെക്ഷനുവേണ്ടിയായിരിക്കും, എന്റെ സൈഡില്‍ അമ്മാമ്മയിരുന്നത്‌!

സീറ്റിലിരുന്നപാടെ, ഞാന്‍ അടക്കത്തോടെയും ഒതുക്കത്തോടെയും ഒന്ന് പുഞ്ചിരിച്ചു. വെറുതേ...

യാതൊരു പരിചയവുമില്ലാത്ത ഇവന്‍ എന്നെ എന്തിനുവേണ്ടിയാണ്‌ ചിരിച്ചുമയക്കുന്നതെന്നോര്‍ത്തോ എന്തോ, കക്ഷി തിരിച്ചെന്നെ ഒരു വല്ലാത്ത നോട്ടം നോക്കി. എന്നിട്ട്‌ ഹാന്റ്‌ റെസ്റ്റില്‍ നിന്ന് കൈ എടുത്ത്‌ സാരിയുടെ കിടപ്പ്‌ ഒന്ന് കൂടെ ഡബിള്‍ ചെക്ക്‌ ചെയ്ത്‌, അങ്ങേ സീറ്റിലേക്ക്‌ ചേര്‍ന്ന് ഒതുങ്ങിയങ്ങിരുന്നു.

പാവം എന്നെ തെറ്റിദ്ധരിച്ചു!

അമ്മാമ്മക്കാണേ ഉറക്കം കലശലായി വരുന്നുണ്ട്‌. പക്ഷേ ചുള്ളത്ത്യാര്‌ ഉറങ്ങുന്നില്ല. എന്നെ ഭയന്നിട്ടാണോ എന്നറിയില്ല, ഇടക്കിടെ എന്നെ ഒളികണ്ണിട്ട്‌ നോക്കുന്നുണ്ട്‌. പക്ഷെ ചുളുങ്ങിയ കണ്‍ പോളയുള്ള പാവം കണ്ണുകള്‍ അറിയാതെ അടഞ്ഞടന്‍ഞ്ഞ്‌ പോകുന്നു.

നമ്മുടെ ബഹുമാന്യ മന്ത്രിയുടെ കേസുകെട്ട്‌ കേട്ടതില്‍ പിന്നെ വിമാനത്തില്‍ യാത്ര ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും ഒന്നാകെ പേടിച്ചിരിപ്പാണല്ലോ! മനസ്സാ വാചാ അറിയാത്ത കാര്യത്തിന്‌ അമ്മാമ്മ പാമ്പുകടിക്കാനായിട്ട് എന്നെയെങ്ങാന്‍ തെറ്റിദ്ധരിച്ച്‌ വിളിച്ചുകൂവിയാല്‍..ഹമ്മേ! അമ്മാമ്മയുടെ പ്രായമുള്ള സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എന്നെ കേരള ജനത കല്ലെറിയുന്നത് സഹിക്കും. പക്ഷെ സോനയോട് എന്ത് പറഞ്ഞ് സമാധാനിപ്പിക്കും? ഞാന്‍ പരമാവധി ഒതുങ്ങിയിരുന്നു.

ഭാഗ്യം. എന്തായാലും സ്നാക്ക്‌ ബോക്സ്‌ വന്നപ്പോള്‍ അമ്മാമ്മയുടെ കമ്പ്ലീറ്റ്‌ ഉറക്കം പോയി തലമുടിയൊന്ന് ഒതുക്കി സീറ്റില്‍ കക്ഷി നിവര്‍ന്നിരുന്നു.

'ഒരു കേയ്ക്ക്‌ പീസ്‌, ഒരു പഫ്സ്‌, കായ വറുത്തത്‌ ഒരുപിടി, ത്രികോണന്‍ ചീസ്‌ സാന്റ്വിച്ച്‌ ഒരെണ്ണം, ഒരു ജ്യൂസും പിന്നെയൊരു കുഞ്ഞുകുപ്പി വെള്ളവും'

ആരാണ്ട്രാ പറഞ്ഞത്‌ എയര്‍ ഇന്ത്യ എക്സ്‌പ്രസ്സില്‍ പൊടിയരിക്കഞ്ഞിയും 50 പൈസയുടെ കവര്‍ ആച്ചാറും ഉണക്കമുള്ളനുമാണ്‌ കിട്ടുകയെന്ന്‌? മാതൃരാജ്യ വിമാനസര്‍വീസ്‌ സ്‌നേഹമില്ലാത്തവര്‍!

ചായയും കാപ്പിയും ആവശ്യക്കാര്‍ക്ക്‌ ആവശ്യം പോലെ കിട്ടും. പക്ഷെ, ചോദിച്ച്‌ വാങ്ങണം. എന്റെ ഈ അമ്മാമ്മക്ക്‌ ചായ കുടിച്ചാല്‍ കൊള്ളാമെന്നുണ്ട്‌. പക്ഷെ, എയര്‍ ഹോസ്റ്റസിനോട്‌ ചോദിക്കാനൊരു മടി.

അമ്മാമ്മയുടേ ആഗ്രഹം മനസ്സിലാക്കി ഞാന്‍ എയര്‍ഹോസ്റ്റസിനോട്‌,

കടുപ്പത്തില്‍ പാല്‌ കൂട്ടി മധുരം കുറച്ച്‌ ഒരു ചായ അമ്മാമ്മക്കും ലൈറ്റ്‌ ഒരെണ്ണം എനിക്കും പറഞ്ഞു.

ചായ കുടിക്കുമ്പോള്‍ ഞാന്‍ ആ ചേടത്ത്യാരുടെ കണ്ണുകള്‍ എന്റെ നേരെ നോക്കിതിളങ്ങുന്നത്‌ ഞാന്‍ കണ്ടു.

അങ്ങിനെ ആ ഒറ്റ ചായയില്‍ അമ്മാമ്മ വീണു. ഉറക്കം പോയ അമ്മാമ്മ എന്നോട്‌ വര്‍ത്താനം പറഞ്ഞു തുടങ്ങി.

മോന്റെ പേരെന്നതാ? വീടെവിടാ? എന്ന രണ്ട്‌ ഒറ്റച്ചോദ്യങ്ങള്‍ക്ക്‌ ഞാന്‍ ഒരിരട്ടയുത്തരം നല്‍കി.

പറയാന്‍ തുടങ്ങുന്ന വലിയ വര്‍ത്തമാനത്തിന്റെ ചെറിയ ഒരു തുടക്കം മാത്രമാണിതെന്ന് എനിക്ക്‌ ആ ചോദ്യങ്ങളില്‍ നിന്നു തന്നെ മനസ്സിലായി.

അമ്മാമ്മയുടെ വീട്‌ ഏറ്റുമാനൂരാണത്രേ. ഒരേയൊരു മോളേയുള്ളു. അവര്‍ ഷാര്‍ജ്ജയില്‍ നേഴ്സാണ്‌.(ഞാന്‍ കരുതിയ പോലെ അരികത്തിരിക്കുന്ന പെണ്‍കൊടി അമ്മാമ്മയുടെ ആരുമല്ല)ആ മോളുടെ പ്രസവത്തിനായി വന്നതാണത്രേ ഗള്‍ഫില്‍. സുഖപ്രസവമായിരുന്നു. ഇരട്ടക്കുട്ടികളായിരുന്നത്രേ. ഒരാണും ഒരു പെണ്ണും. ആണ്‍ കുട്ടി അമ്മാമ്മയുടെ മോളെപ്പോലെ വെളുത്തതും പെണ്‍കുട്ടി അച്ഛനെപ്പോലെ കറുത്തതും. അതിലമ്മാമ്മക്ക്‌ കര്‍ത്താവിനോടിത്തിരി പരാതിയുണ്ടത്രേ. അതൊരുമാതിരി മണകുണാഞ്ചന്‍ എടവാടായിപ്പോയത്രേ!

ഞാന്‍ ചെറുങ്ങനെയൊന്നു ചിരിച്ചു.

ചര്‍മ്മം കണ്ടപ്പോള്‍ ഊഹിച്ച പ്രായം വച്ച് ഈ അറുപത്‌ വയസ്സോളമായ അമ്മാമ്മയുടെ മോള്‍ ഇപ്പോള്‍ പ്രസവിക്കുകയോ? ആരാണ്‌ താമസിപ്പിച്ചത്‌? അമ്മാമ്മയോ മോളോ? ഒരു ചോദ്യചിഹ്നം എന്റെ തലക്കുമുകളില്‍ അമ്മാമ്മയെ നോക്കി നിന്നു.

മോള്‍ ഒരു സുന്ദരിയും പഠിപ്പില്‍ അതി സമര്‍ത്ഥയുമായിരുന്നെന്ന സൂചന കിട്ടിയപ്പോള്‍ എനിക്ക്‌ ആ സംശയം മാറി. അമ്മാമ്മയുടെ കെട്ട്‌ ലേറ്റ്‌. ഡെലിവറി അറ്റ്‌ ഫോര്‍ട്ടി!

‘ഇതെന്റെ മോള്‍ വാങ്ങിത്തന്നതാ‘ തിളങ്ങുന്ന കൃഷ്ണമണികള്‍ കൊണ്ടെന്നെ നോക്കിക്കൊണ്ട്‌ സന്തോഷത്തോടെ എന്നോട്‌ പറഞ്ഞു.
രണ്ട്‌ പുത്തന്‍ വളകള്‍! അത്യാവശ്യം പ്രായം തോന്നിക്കുന്ന ചുളുങ്ങിയ തൊലിയുള്ള ആ അമ്മാമ്മയുടെ കൈതണ്ടയില്‍ ആ വളകള്‍ കിടന്ന് തിളങ്ങി.

അമ്മാമ്മ എന്നോട്‌ ആദ്യവും അവസാനവുമായി ആ രണ്ടേ രണ്ടു ചോദ്യങ്ങളേ ചോദിച്ചുള്ളൂ. പിന്നെയൊന്നും തന്നെ ചോദിക്കാതെ അമ്മാമ്മയുടെ ആഗമനോദ്യേശ്യവും കാര്യങ്ങളും മുഴുവന്‍ പറഞ്ഞു.

അതിന്റെ ശേഷം അമ്മാമ്മയുടെ കല്യാണം ലേയ്റ്റായതിനെപ്പറ്റിയും റബര്‍ ടാപ്പിങ്ങ് തൊഴിലാളിയായിരുന്ന അപ്പാപ്പന്‍ കരിക്കിടാന്‍ കയറിയപ്പോള്‍ തെങ്ങില്‍ നിന്ന് ബങ്കി ചമ്പിങ്ങ്‌ നടത്തി പണിക്ക്‌ പോക്ക്‌ നിര്‍ത്തിയതും പിന്നീടനുഭവിച്ച കഷ്ടപ്പാടുകളും ആടുവളര്‍ത്തിയ കഥയും അതിലൊന്ന് വണ്ടി തട്ടി ചത്തതുമെല്ലാം ബ്രീഫ്‌ ചെയ്തത്‌ ഡീറ്റെയ്‌ല്‌ ആയി പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു.

അമ്മാമ്മ 'ബ്ലോഗ്‌' എന്ന് കേട്ടിട്ടുണ്ടോ?

'അതെന്ത്‌ കുന്തം?' എന്ന ചോദിക്കാനുള്ള മനസുള്ള മുഖമോടെ നിന്ന അമ്മാമ്മക്ക്, ഇത് അറിയുവാനുള്ള ആഗ്രഹം ഒന്നും ഞാന്‍ കണ്ടില്ലെങ്കിലും പറയുവാനുള്ള ആഗ്രഹം കാരണം ഞാന്‍ ബ്ലോഗിനെപ്പറ്റിയും ബൂലോഗത്തെപ്പറ്റിയും യൂണിക്കോഡിനെക്കുറിച്ചും വരമൊഴിയെപ്പറ്റിയും കീമാനെപ്പറ്റിയും പറഞ്ഞു.

അതോടെ അമ്മാമ്മക്ക്‌ നഷ്ടപ്പെട്ട ഉറക്കം കണ്ണുകളിലൂടെ വീണ്ടും അകത്ത്‌ പ്രവേശിക്കുന്നതും അത്‌ വീണ്ടും പുറത്തേക്ക്‌ പോകാതിരിക്കാന്‍ കണ്ണുകള്‍ അടയുന്നതും ഞാന്‍ കണ്ടു.

അതോടെ ഞാന്‍ എന്റെ സീറ്റില്‍ നിന്നെണീറ്റ് മുകളീന്ന് ബാഗുമെടുത്ത് ഒഴിഞ്ഞ സീറ്റുകളുള്ള മുന്‍ഭാഗത്ത് പോയിരുന്ന് വരമൊഴി തുറന്നു. ഇതെഴുതി.

പി.എസ്.: നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല, പക്ഷെ, കൊടകര പുരാണത്തെക്കുറിച്ച്‌ ഞാന്‍ ഒന്നും പറഞ്ഞില്ല. സത്യം!

Thursday, October 05, 2006

രാഘവേട്ടനും മോളും

അന്നു ഞാന്‍ വാക്കിനും നോക്കിനും കണ്ട്രോളില്ലാത്ത വെറും ബാച്ചിലര്‍!

‘എങ്ങിനെയൊരു മുത്തുകുടിയനാകാം‘ എന്നതിനെപറ്റിയുള്ള സെമിനാറിന് പങ്കെടുക്കാന്‍ വേണ്ടി വീക്കെന്റില്‍ ഷാര്‍ജ്ജയിലെ‍ കമലേശ്വരം സ്വദേശി 'കമല' എന്നറിയപ്പെടുന്ന ഷമ്മിയുടെ റൂമിലെത്തിയതായിരുന്നു ഞാന്‍.

സ്റ്റാര്‍ട്ടര്‍ ആയി ഒരു ടിന്ന് ബീറടിച്ച്‌, 'ഒരു ലാര്‍ജ്ജും കൂടി അടിച്ച്‌ മൊത്തമായി വാളു വക്കാം' എന്ന് കരുതി ചെറുനാരങ്ങ മണത്തുകൊണ്ടിരിക്കേയാണ്‌ മനോജ്‌ ആ യുവകോമളനെ എനിക്ക്‌ പരിചയപ്പെടുത്തി തരുന്നത്‌.

ഷേയ്ക്ക്‌ ഹാന്റ്‌ തന്ന് ചുള്ളന്‍ എന്നോട്‌ ചോദിച്ചു.

'നിങ്ങള്‍ കൊടകര എവിടെ?'

'ആ ബാറിന്റെ പടിഞ്ഞാറക്കെ' എന്ന മറുപടി കേട്ട്‌ എന്നോട്‌,

'നെല്ലായിയുള്ള ഒരു രാഘവേട്ടനെ അറിയുമോ?' എന്ന് രണ്ടാം ചോദ്യം ചോദിച്ചു.

'അറിയോന്നോ?? നല്ല തക്കാളി പോലുള്ള ഒരു കിണ്ണന്‍ ഗുഡ്സ്‌ (യൂസ് മലയാളം) മോളുള്ള രാഘവേട്ടനല്ലേ? ആളെലും കൂടുതല്‍ പരിചയം മോളേയാ‘ എന്ന എന്റെ മറുപടി കേട്ട്‌,

'അതു തന്നെ' എന്ന് പറഞ്ഞ്‌ മൂഡ്‌ ഔട്ടായപോലെ വര്‍ത്താനം നിര്‍ത്തി ചുള്ളന്‍ ടി.വി.യില്‍ നോക്കിയിരുന്നു.

'നമ്മള്‍ എങ്ങിനെയാ രാഘവേട്ടനെ പരിചയം?' എന്ന എന്റെ ചോദ്യത്തിന്‌ അദ്ദേഹം ഇങ്ങിനെ ഉത്തരം പറഞ്ഞു.

ആളുടെ മകളും ഞാനുമായുള്ള വിവാഹം അടുത്ത മാസം ഇരുപതാം തിയതിയാണ്‌!!!!

അതുകേട്ടപ്പോള്‍ കമ്പ്ലീറ്റ്‌ കെട്ടും ഇറങ്ങിയ ഞാന്‍ ‘ഞന്‍ ദിപ്പ വരാട്ടാ’ ന്ന് പറഞ്ഞ് താഴേക്ക് പോയി!