Saturday, November 04, 2006

ആകാശത്ത് വച്ച്..

ഇത്തവണയും സീറ്റ്‌ കിട്ടിയത്‌ ഒരമ്മാമ്മയുടെ അടുത്ത്‌ തന്നെ.

ഇതും കൂട്ടി മൊത്തം ഇരുപത്തി നാലാം വിമാനയാത്രയാണ്‌. അടുത്ത സീറ്റില്‍ അമ്മാമ്മ വന്നുപെടുന്നത്‌ പതിനാലാം തവണ! അതിന്റെ ഗുട്ടന്‍സ്‌ എന്താണെന്ന് മനസ്സിലായിട്ടില്ല. ലൈഫില്‍ പതിനെട്ടു തവണ പാമ്പുകടികൊണ്ട ആലപ്പുഴക്കാരി സൗദാമിനിയെപ്പോലെ മറ്റൊരു വിധി.

രൂപത്തിലും വേഷത്തിലും ഭാവത്തിലും സ്വഭാവത്തിലും വെവ്വേറെ പ്രകൃതക്കാരായ പതിനാല് അമ്മാമ്മമാര്‍.

ഇന്നെന്റെ അരികത്തിരിക്കുന്ന അമ്മാമ്മ ഇച്ചിരി തടിച്ച പ്രകൃതമുള്ള ഇരു നിറത്തിലൊരു ഗൗരവക്കാരിയാണ്‌. കക്ഷിയുടെ അപ്പുറത്തെ വിന്റോ സൈഡിലിരിക്കുന്നത്‌ മോളോ മരുമോളോ ആയിരിക്കും. ഇനിയിപ്പോള്‍ കൊച്ചുമൊളാണോ എന്നും തീര്‍ച്ചയില്ല. പ്രൊട്ടെക്ഷനുവേണ്ടിയായിരിക്കും, എന്റെ സൈഡില്‍ അമ്മാമ്മയിരുന്നത്‌!

സീറ്റിലിരുന്നപാടെ, ഞാന്‍ അടക്കത്തോടെയും ഒതുക്കത്തോടെയും ഒന്ന് പുഞ്ചിരിച്ചു. വെറുതേ...

യാതൊരു പരിചയവുമില്ലാത്ത ഇവന്‍ എന്നെ എന്തിനുവേണ്ടിയാണ്‌ ചിരിച്ചുമയക്കുന്നതെന്നോര്‍ത്തോ എന്തോ, കക്ഷി തിരിച്ചെന്നെ ഒരു വല്ലാത്ത നോട്ടം നോക്കി. എന്നിട്ട്‌ ഹാന്റ്‌ റെസ്റ്റില്‍ നിന്ന് കൈ എടുത്ത്‌ സാരിയുടെ കിടപ്പ്‌ ഒന്ന് കൂടെ ഡബിള്‍ ചെക്ക്‌ ചെയ്ത്‌, അങ്ങേ സീറ്റിലേക്ക്‌ ചേര്‍ന്ന് ഒതുങ്ങിയങ്ങിരുന്നു.

പാവം എന്നെ തെറ്റിദ്ധരിച്ചു!

അമ്മാമ്മക്കാണേ ഉറക്കം കലശലായി വരുന്നുണ്ട്‌. പക്ഷേ ചുള്ളത്ത്യാര്‌ ഉറങ്ങുന്നില്ല. എന്നെ ഭയന്നിട്ടാണോ എന്നറിയില്ല, ഇടക്കിടെ എന്നെ ഒളികണ്ണിട്ട്‌ നോക്കുന്നുണ്ട്‌. പക്ഷെ ചുളുങ്ങിയ കണ്‍ പോളയുള്ള പാവം കണ്ണുകള്‍ അറിയാതെ അടഞ്ഞടന്‍ഞ്ഞ്‌ പോകുന്നു.

നമ്മുടെ ബഹുമാന്യ മന്ത്രിയുടെ കേസുകെട്ട്‌ കേട്ടതില്‍ പിന്നെ വിമാനത്തില്‍ യാത്ര ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും ഒന്നാകെ പേടിച്ചിരിപ്പാണല്ലോ! മനസ്സാ വാചാ അറിയാത്ത കാര്യത്തിന്‌ അമ്മാമ്മ പാമ്പുകടിക്കാനായിട്ട് എന്നെയെങ്ങാന്‍ തെറ്റിദ്ധരിച്ച്‌ വിളിച്ചുകൂവിയാല്‍..ഹമ്മേ! അമ്മാമ്മയുടെ പ്രായമുള്ള സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എന്നെ കേരള ജനത കല്ലെറിയുന്നത് സഹിക്കും. പക്ഷെ സോനയോട് എന്ത് പറഞ്ഞ് സമാധാനിപ്പിക്കും? ഞാന്‍ പരമാവധി ഒതുങ്ങിയിരുന്നു.

ഭാഗ്യം. എന്തായാലും സ്നാക്ക്‌ ബോക്സ്‌ വന്നപ്പോള്‍ അമ്മാമ്മയുടെ കമ്പ്ലീറ്റ്‌ ഉറക്കം പോയി തലമുടിയൊന്ന് ഒതുക്കി സീറ്റില്‍ കക്ഷി നിവര്‍ന്നിരുന്നു.

'ഒരു കേയ്ക്ക്‌ പീസ്‌, ഒരു പഫ്സ്‌, കായ വറുത്തത്‌ ഒരുപിടി, ത്രികോണന്‍ ചീസ്‌ സാന്റ്വിച്ച്‌ ഒരെണ്ണം, ഒരു ജ്യൂസും പിന്നെയൊരു കുഞ്ഞുകുപ്പി വെള്ളവും'

ആരാണ്ട്രാ പറഞ്ഞത്‌ എയര്‍ ഇന്ത്യ എക്സ്‌പ്രസ്സില്‍ പൊടിയരിക്കഞ്ഞിയും 50 പൈസയുടെ കവര്‍ ആച്ചാറും ഉണക്കമുള്ളനുമാണ്‌ കിട്ടുകയെന്ന്‌? മാതൃരാജ്യ വിമാനസര്‍വീസ്‌ സ്‌നേഹമില്ലാത്തവര്‍!

ചായയും കാപ്പിയും ആവശ്യക്കാര്‍ക്ക്‌ ആവശ്യം പോലെ കിട്ടും. പക്ഷെ, ചോദിച്ച്‌ വാങ്ങണം. എന്റെ ഈ അമ്മാമ്മക്ക്‌ ചായ കുടിച്ചാല്‍ കൊള്ളാമെന്നുണ്ട്‌. പക്ഷെ, എയര്‍ ഹോസ്റ്റസിനോട്‌ ചോദിക്കാനൊരു മടി.

അമ്മാമ്മയുടേ ആഗ്രഹം മനസ്സിലാക്കി ഞാന്‍ എയര്‍ഹോസ്റ്റസിനോട്‌,

കടുപ്പത്തില്‍ പാല്‌ കൂട്ടി മധുരം കുറച്ച്‌ ഒരു ചായ അമ്മാമ്മക്കും ലൈറ്റ്‌ ഒരെണ്ണം എനിക്കും പറഞ്ഞു.

ചായ കുടിക്കുമ്പോള്‍ ഞാന്‍ ആ ചേടത്ത്യാരുടെ കണ്ണുകള്‍ എന്റെ നേരെ നോക്കിതിളങ്ങുന്നത്‌ ഞാന്‍ കണ്ടു.

അങ്ങിനെ ആ ഒറ്റ ചായയില്‍ അമ്മാമ്മ വീണു. ഉറക്കം പോയ അമ്മാമ്മ എന്നോട്‌ വര്‍ത്താനം പറഞ്ഞു തുടങ്ങി.

മോന്റെ പേരെന്നതാ? വീടെവിടാ? എന്ന രണ്ട്‌ ഒറ്റച്ചോദ്യങ്ങള്‍ക്ക്‌ ഞാന്‍ ഒരിരട്ടയുത്തരം നല്‍കി.

പറയാന്‍ തുടങ്ങുന്ന വലിയ വര്‍ത്തമാനത്തിന്റെ ചെറിയ ഒരു തുടക്കം മാത്രമാണിതെന്ന് എനിക്ക്‌ ആ ചോദ്യങ്ങളില്‍ നിന്നു തന്നെ മനസ്സിലായി.

അമ്മാമ്മയുടെ വീട്‌ ഏറ്റുമാനൂരാണത്രേ. ഒരേയൊരു മോളേയുള്ളു. അവര്‍ ഷാര്‍ജ്ജയില്‍ നേഴ്സാണ്‌.(ഞാന്‍ കരുതിയ പോലെ അരികത്തിരിക്കുന്ന പെണ്‍കൊടി അമ്മാമ്മയുടെ ആരുമല്ല)ആ മോളുടെ പ്രസവത്തിനായി വന്നതാണത്രേ ഗള്‍ഫില്‍. സുഖപ്രസവമായിരുന്നു. ഇരട്ടക്കുട്ടികളായിരുന്നത്രേ. ഒരാണും ഒരു പെണ്ണും. ആണ്‍ കുട്ടി അമ്മാമ്മയുടെ മോളെപ്പോലെ വെളുത്തതും പെണ്‍കുട്ടി അച്ഛനെപ്പോലെ കറുത്തതും. അതിലമ്മാമ്മക്ക്‌ കര്‍ത്താവിനോടിത്തിരി പരാതിയുണ്ടത്രേ. അതൊരുമാതിരി മണകുണാഞ്ചന്‍ എടവാടായിപ്പോയത്രേ!

ഞാന്‍ ചെറുങ്ങനെയൊന്നു ചിരിച്ചു.

ചര്‍മ്മം കണ്ടപ്പോള്‍ ഊഹിച്ച പ്രായം വച്ച് ഈ അറുപത്‌ വയസ്സോളമായ അമ്മാമ്മയുടെ മോള്‍ ഇപ്പോള്‍ പ്രസവിക്കുകയോ? ആരാണ്‌ താമസിപ്പിച്ചത്‌? അമ്മാമ്മയോ മോളോ? ഒരു ചോദ്യചിഹ്നം എന്റെ തലക്കുമുകളില്‍ അമ്മാമ്മയെ നോക്കി നിന്നു.

മോള്‍ ഒരു സുന്ദരിയും പഠിപ്പില്‍ അതി സമര്‍ത്ഥയുമായിരുന്നെന്ന സൂചന കിട്ടിയപ്പോള്‍ എനിക്ക്‌ ആ സംശയം മാറി. അമ്മാമ്മയുടെ കെട്ട്‌ ലേറ്റ്‌. ഡെലിവറി അറ്റ്‌ ഫോര്‍ട്ടി!

‘ഇതെന്റെ മോള്‍ വാങ്ങിത്തന്നതാ‘ തിളങ്ങുന്ന കൃഷ്ണമണികള്‍ കൊണ്ടെന്നെ നോക്കിക്കൊണ്ട്‌ സന്തോഷത്തോടെ എന്നോട്‌ പറഞ്ഞു.
രണ്ട്‌ പുത്തന്‍ വളകള്‍! അത്യാവശ്യം പ്രായം തോന്നിക്കുന്ന ചുളുങ്ങിയ തൊലിയുള്ള ആ അമ്മാമ്മയുടെ കൈതണ്ടയില്‍ ആ വളകള്‍ കിടന്ന് തിളങ്ങി.

അമ്മാമ്മ എന്നോട്‌ ആദ്യവും അവസാനവുമായി ആ രണ്ടേ രണ്ടു ചോദ്യങ്ങളേ ചോദിച്ചുള്ളൂ. പിന്നെയൊന്നും തന്നെ ചോദിക്കാതെ അമ്മാമ്മയുടെ ആഗമനോദ്യേശ്യവും കാര്യങ്ങളും മുഴുവന്‍ പറഞ്ഞു.

അതിന്റെ ശേഷം അമ്മാമ്മയുടെ കല്യാണം ലേയ്റ്റായതിനെപ്പറ്റിയും റബര്‍ ടാപ്പിങ്ങ് തൊഴിലാളിയായിരുന്ന അപ്പാപ്പന്‍ കരിക്കിടാന്‍ കയറിയപ്പോള്‍ തെങ്ങില്‍ നിന്ന് ബങ്കി ചമ്പിങ്ങ്‌ നടത്തി പണിക്ക്‌ പോക്ക്‌ നിര്‍ത്തിയതും പിന്നീടനുഭവിച്ച കഷ്ടപ്പാടുകളും ആടുവളര്‍ത്തിയ കഥയും അതിലൊന്ന് വണ്ടി തട്ടി ചത്തതുമെല്ലാം ബ്രീഫ്‌ ചെയ്തത്‌ ഡീറ്റെയ്‌ല്‌ ആയി പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു.

അമ്മാമ്മ 'ബ്ലോഗ്‌' എന്ന് കേട്ടിട്ടുണ്ടോ?

'അതെന്ത്‌ കുന്തം?' എന്ന ചോദിക്കാനുള്ള മനസുള്ള മുഖമോടെ നിന്ന അമ്മാമ്മക്ക്, ഇത് അറിയുവാനുള്ള ആഗ്രഹം ഒന്നും ഞാന്‍ കണ്ടില്ലെങ്കിലും പറയുവാനുള്ള ആഗ്രഹം കാരണം ഞാന്‍ ബ്ലോഗിനെപ്പറ്റിയും ബൂലോഗത്തെപ്പറ്റിയും യൂണിക്കോഡിനെക്കുറിച്ചും വരമൊഴിയെപ്പറ്റിയും കീമാനെപ്പറ്റിയും പറഞ്ഞു.

അതോടെ അമ്മാമ്മക്ക്‌ നഷ്ടപ്പെട്ട ഉറക്കം കണ്ണുകളിലൂടെ വീണ്ടും അകത്ത്‌ പ്രവേശിക്കുന്നതും അത്‌ വീണ്ടും പുറത്തേക്ക്‌ പോകാതിരിക്കാന്‍ കണ്ണുകള്‍ അടയുന്നതും ഞാന്‍ കണ്ടു.

അതോടെ ഞാന്‍ എന്റെ സീറ്റില്‍ നിന്നെണീറ്റ് മുകളീന്ന് ബാഗുമെടുത്ത് ഒഴിഞ്ഞ സീറ്റുകളുള്ള മുന്‍ഭാഗത്ത് പോയിരുന്ന് വരമൊഴി തുറന്നു. ഇതെഴുതി.

പി.എസ്.: നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല, പക്ഷെ, കൊടകര പുരാണത്തെക്കുറിച്ച്‌ ഞാന്‍ ഒന്നും പറഞ്ഞില്ല. സത്യം!

6 comments:

വിശാല മനസ്കന്‍ said...

വിശാല മനസ്കന്‍ said...
പ്രിയപ്പെട്ട ബ്ലോഗിണീ ബ്ലോഗന്മാരെ..

ഇത്‌ ഞാന്‍ എഴുതിയുണ്ടാക്കുന്നത്‌ 23-10-2006 ന്‌ കൃത്യം 3:45 എ.എം.ന്‌ ആകാശത്തുവച്ചാണ്‌. അതായത്‌ എയര്‍ ഇന്ത്യ എക്പ്രസ്സില്‍ വച്ച്‌ ദുബായ്- കൊച്ചി യാത്രാ മദ്ധേ.

വിമാനത്തില്‍ വച്ച് ഒരു പോസ്റ്റുണ്ടാക്കുമ്പോള്‍ അത് വിമാനയാത്രയെ കുറിച്ച് തന്നെയാവട്ടെ എന്നും കരുതി. ഒരു യാത്രാ വിവരണം പോലെ എഴുതുവാന്‍ ഒന്നു ശ്രമിച്ചതാണ്.

പോസ്റ്റാക്കുവാന്‍ പോന്ന വിശേഷം ഒന്നും ഇല്ല. (ഒട്ടും ഇല്ല.. ഒട്ടും ഇല്ല) എന്നാലും ഈ പോസ്റ്റ് അന്ന് പരിചയപ്പെട്ട ആ തങ്കപ്പെട്ട അമ്മാമ്മക്കും പിന്നെ, ‘ഫ്ലൈറ്റില്‍ വച്ചൊരെണ്ണം പൂശ്‘ എന്ന് പറഞ്ഞ ദില്‍ബനും ഞാന്‍ സമര്‍പ്പിക്കുന്നു.

11/03/2006


അരവിശിവ. said...
ലൈഫില്‍ പതിനെട്ടു തവണ പാമ്പുകടികൊണ്ട ആലപ്പുഴക്കാരി സൗദാമിനിയെപ്പോലെ മറ്റൊരു വിധി.

ഹ ഹ ഹ...

ഗുരുവേ തേങ്ങ ഞാനുടയ്ക്കുന്നു...ഗുരു കൊടകരപുരാണത്തെപ്പറ്റി പറഞ്ഞിരുന്നെങ്കില്‍ അവര്‍ ഉറപ്പായും ബോധം കെട്ടുറങ്ങിയേനെ..ബ്ലോഗിന് ഇങ്ങനെ ചില ഗുണങ്ങളുണ്ടല്ലേ...

സംഭവം ക്ഷ പിടിച്ചു....

ഗുരുവേ ഇന്നാ പിടിച്ചോ സാഷ്ടാംഗ പ്രണാമം..

:)

11/03/2006


വല്യമ്മായി said...
അപ്പോള്‍ പതിനാലു പ്രാവശ്യവും ചെക്കിന്‍ സ്റ്റാഫിന്‌ മുഖലക്ഷണം കണ്ട് ആളുടെ കയ്യിലിരിപ്പ് മനസ്സിലായല്ലേ.

11/03/2006


ഇത്തിരിവെട്ടം said...
മനസ്സാ വാചാ അറിയാത്ത കാര്യത്തിന്‌ അമ്മാമ്മ എന്നെയെങ്ങാന്‍ തെറ്റിദ്ധരിച്ച്‌ വിളിച്ചുകൂവിയാല്‍..ഹമ്മേ! ഒരു അമ്മാമ്മയുടെ പ്രായമുള്ള സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എന്നെ കേരള ജനത വെറുത്ത് കല്ലെറിയുന്നത് ഞാന്‍ സഹിക്കും. പക്ഷെ സ്വന്തം ഭാര്യയെ എങ്ങിനെ എന്ത് പറഞ്ഞ് വിശ്വസിപ്പിക്കും? ...

വിശാല്‍ജീ... അപ്പ ബീമാനത്തിലും കൊടകരപുരാണം ആയല്ലേ. പിന്നെ മീറ്റാന്‍ ഉണ്ടാവുമല്ലോ.

11/03/2006


പെരിങ്ങോടന്‍ said...
ഹാഹാ കള്ളാ, ആ പാവം അമ്മാമ്മയെ എയര്‍ഇന്ത്യാ എക്സ്പ്രസ്സിന്റെ കുടുസ്സു സീറ്റുകള്‍ക്കിടയിലിട്ടു വീര്‍പ്പുമുട്ടിച്ചു കൊല്ലാറാക്കിയല്ലേ. മണിയറയില്‍, സീറ്റുകള്‍ക്കിടയിലെ ഇരിക്കാന്‍ മാത്രമുള്ള ഗ്യാപ്പില്‍ എന്നിങ്ങനെ ക്ലോസ്ഡ് ഏരിയകളിലൊന്നിലും ബ്ലോഗിനെ കുറിച്ചു മിണ്ടരുത്: ക്ലോസ്റ്റ്രോഫോബിയ ഉണ്ടാകും.

11/03/2006


വിശാല മനസ്കന്‍ said...
ഒരു കാര്യം പറയാന്‍ മറന്നു. ഞാന്‍ ബാക്ക് റ്റു പവലിയന്‍.

പന്ത്രണ്ടിസത്തെ ആര്‍മാദം കഴിഞ്ഞ് ഇമ്മള് ഇമ്മറോടെ തിരിച്ചെത്തി.

അരശിവ: :) അഭിപ്രായത്തിന് നന്ദി ട്ടാ. ഗുരു ആയിട്ടില്ല. ലഘു തന്നെ. കൊടകരക്കാര്‍ പലരും എന്നെ ‘എടാ ബ്ലോഗേ‘ എന്നാ വിളിക്കുന്നത്!

വല്യമ്മായി: ഹഹ. ആവോ അറിയില്ല.

ഇത്തിരി: :) ചുമ്മാ പറഞ്ഞതല്ലാ..തെളിവ് ഉണ്ട് കയ്യില്‍. ബ്ലോഗ് മീറ്റ് എന്ന് പറഞ്ഞ് ഓടിപ്പോയെന്ന് ഒരു പരാതി അവിടെ നിലവില്‍ ഉണ്ടേ..

11/03/2006


അഗ്രജന്‍ said...
നശിപ്പിച്ചു... എല്ലാം നശിപ്പിച്ചു...

അമ്മാമ... ‘ഏടാ... അപ്പോ... നീയാണല്ലേ ഇമ്മാതിരി വേണ്ടാത്ത കഥകളൊക്കെ എഴ്തിണ്ടാക്കണതല്ലേ...’ എന്നും പറഞ്ഞ് വിശാലനിട്ട് മെക്കട്ട് കേറണ ഒരു സീന്‍ സ്വപ്നം കണ്ടു പോയി വീയെമ്മേ... സത്യായിട്ടും കണ്ടു പോയി :)

സ്വാഗതമോതുന്നേ... ഞങ്ങള്... സ്വാഗതമോതുന്നേ... :)

11/03/2006


Adithyan said...
ഈപ്പോക്കു പോയാല്‍ ബ്ലോഗെഴുതുന്നവരെ കണ്ടാല്‍ സാധാരണക്കാരന്‍ ഓടിയൊളിക്കുമല്ലോ :) അല്ലേല്‍ കീമാനെയും വരമൊഴിയെയും പറ്റി പ്രസംഗം തുടങ്ങൂലെ :)

ഏതായാലും അമ്മാമ്മയുമായി അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാവാതെ യാത്ര തീര്‍ക്കാന്‍ പറ്റിയല്ലോ... ;) ഭാഗ്യം.

11/03/2006


ചന്തു said...
ആ ബങ്കീ ജമ്പ് ഇഷ്ടമായി.ബീമാനത്തിലിരുന്ന് പോസ്റ്റുന്ന ആദ്യ ബ്ലോഗന്‍ വിശാലന്‍ ആണോ?

11/03/2006


സുനില്‍ said...
അല്ല കൊടകരക്കാരാ, ഒരു അമ്മാമയെ പരിചയപ്പെട്ടപ്പോഴേയ്ക്കും അവരുടെ കല്യാണത്തിനെപ്പറ്റിയും മകളെപ്പറ്റിയും മകളുടെ പ്രസവത്തെപ്പറ്റിയുമൊക്കെയാണോ ആലോചന? അവര്‍ പറഞത്‌ കേട്ടാല്‍ സഹിക്കാം, പക്ഷെ സ്വയം ആലോചിച്ചുണ്ടാക്കിയതോ? അങനെയെങ്കില്‍ വേറെന്തൊക്കെ ആലോചിച്ചുകാണും, സഖാവേ? അയ്യോ...-സു-

11/03/2006


പടിപ്പുര said...
കഴിഞ്ഞമാസം നാട്ടില്‍ ഒരു കല്ല്യാണത്തലേന്ന് ഇലയിടും മുന്‍പെ മേശമേല്‍ വിരിച്ച പത്രക്കടലാസ്സുകളുടെ കൂട്ടത്തില്‍ മാതൃഭൂമിയിലെ ബ്ലോഗുലകം പ്രസിദ്ധീകരിച്ച താളെടുത്ത്‌ ചെറുപ്പക്കാര്‍ ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യുന്നത്‌ ഞാന്‍ കൗതുകപൂര്‍വ്വം കേട്ടിരുന്നു.

കൂട്ടത്തില്‍ വിശാലന്റെയും അന്ന് പത്രത്തില്‍ വന്ന മറ്റ്‌ ബ്ലോഗന്മാരുടെയും ബ്ലോഗിനികളുടെയും പേരുകളും ബ്ലോഗിനെക്കുറിച്ചുള്ള കമ്മന്റുകളും വിവരണങ്ങളും വരമൊഴിയും യൂനികോഡും.

ആ അമ്മാമ്മയ്ക്‌ മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ഒരു കോപ്പി കൊടുക്കേണ്ടതായിരുന്നു.

11/03/2006


വിനോദ്‌ മേനോന്‍ said...
വിശാലാ,

“ചായകുടിക്കുക” എന്നതിനു മുന്‍ മുഖ്യമന്ത്രി നായനാര്‍ മറ്റൊന്നാണ് ഉദ്ദേശിച്ചിരുന്നത് ;)

11/03/2006


ഇക്കാസ് said...
അപ്പൊ നാട്ടിലിരുന്നാ പോസ്റ്റിങ്ങ്?
അതോ പോയോ?
ഞങ്ങളൊക്കെ ഇവിടെയുണ്ടേ..
12ന് കൊച്ചീലൊരു മീറ്റ് നടക്കുന്നെന്ന് അഭ്യൂഹമുണ്ട്. ഉണ്ടെന്കില്‍ വരുമോ?
വരുമെങ്കില്‍ വിളിക്കൂ:
9895771855

11/03/2006


ഉത്സവം said...
"ഒരു ചോദ്യചിഹ്നം എന്റെ തലക്കുമുകളില്‍ അമ്മാമ്മയെ നോക്കി നിന്നു."
അലക്കിപ്പൊളി തന്നെ...പക്ഷേ ഇതൊന്നും പോരാ
12 ദിവസത്തെ കൊടകര കഥകള്‍ പോരട്ടേ..

11/03/2006


സൂര്യോദയം said...
ഗുരുവേ... സ്വാഗതം... തകര്‍പ്പന്‍ പോസ്റ്റുകള്‍ പോരട്ടെ.....

11/03/2006


പട്ടേരി l Patteri said...
ഞാനും ഇങ്ങനെ ആകാശവണ്ടിയില്‍ കയറുന്നതിനു മുമ്പു പ്രാര്‍ഥീക്കാറുണ്ട്.... അടുത്ത് ആരായിരിക്കണം എന്നല്ല..വിന്ഡോ സീറ്റ് കിട്ടണേ എന്നു.... ബട്ട് സക്സസ്സ് റേറ്റ് ഇസ് വെരി പൂവറ്..ലെസ്സ് താന്‍ 20% :(
(മീശ പിരിച്ചിട്ടാണോ ഫ്ലയിറ്റില്‍ കയറിയത് ? ;-)

11/03/2006


ബിജോയ്‌ മോഹന്‍ said...
ഗുരോ,
അമ്മൂമ്മയെ ഫ്ലാറ്റ്‌ ആക്കിയല്ലേ... പാവം..... അടുത്ത പ്രസവത്തിന്‌ വരുന്ന കാര്യം സംശയം...

11/03/2006


സുല്‍ | zeroPoint said...
appo bimanakkatthem kondu jj bannulle. nannaayi. swagatham.

meetinu kaanam tto.

ivide keyman illa (ivanareda manglishil commentan ennu abhuhichh kannupuratthekkidanta. athu aavasyam varum. avide irunnOtte)

-sull

11/04/2006


മുസാഫിര്‍ said...
ശുന്യാകാശത്ത് വച്ചു ഓപ്പറെഷന്‍ നടത്തിയില്ലേ സായിപ്പ്.ഇത് അതിലും ഉഗ്രനായി,ഈ അമ്മുമ്മയെ ബ്ലോഗിലെ കാര്യങ്ങള്‍ പറഞ്ഞു ബോധം കെടുത്തിയത്.

11/04/2006

കൊടകരക്കാരെപ്പറ്റിയല്ലാതെ പുരാണ ബ്ലോഗില്‍ എഴുതിയാല്‍ ‘തട്ടിക്കളയും‘ എന്ന് കുട്ടമ്മേനോന്‍ ഭീഷണിപ്പെടുത്തിയതുകൊണ്ട് ഈ പോസ്റ്റ് ഇങ്ങോട്ടേക്ക് ഷിഫ്റ്റ് ചെയ്തതായിരുന്നു. അല്ലാതെ, ഡിലീറ്റിങ്ങ് മാനിയയുടെ ഭാഗമായിരുന്നില്ല.

Sul | സുല്‍ said...

ഇതെന്താ രണ്ടാമതു പോസ്റ്റിയത്. കമെന്റ്റെല്ലാംകൂടി ഇപ്പൊ ഒരൊന്നൊന്നര കമെന്റായല്ലൊ?

-സുല്‍

കുട്ടന്മേനൊന്‍::KM said...

ഹ ഹ ഹ..കലക്കി..അപ്പൊ ആ അമ്മാമേനേം വെറുതെ വിട്ടില്ല അല്ലേ ? അതും പോരാഞ്ഞ് പുരാണത്തീന്ന് അമ്മാമേനെ ഇങ്ങോട്ടും ചാടിച്ചു. ആ അമ്മാമ എങ്ങെനേങ്കിലും ആ പ്രസവം നടത്തി നാട്ടീല്പോകണമെന്ന വിശാലമായ ഒരു മനസ്സ് ഇല്ലാതെ പോയല്ലോ ?

ഇടങ്ങള്‍|idangal said...

യാത്രകളില്‍ വന്ന് ചേരുന്ന ചില വയസ്സായവര്‍ പല അനുഭവങ്ങളും തന്നുട്ടുണ്ട്, ചിലര്‍ അത്ഭുതകരമാം വിധം നമ്മെ രസിപ്പിക്കുകയും ആ യത്രയെ മറക്കാന്‍ പറ്റാത്തതുമാക്കുന്നു..


ഇഷ്ടമായീ ഈ വിവരണവും അതിലെ നര്‍മവും

Anonymous said...

ആ കൂളിംഗ്‌ ഗ്ലാസ്സു വെച്ചുള്ള ചിരിയും ഒരുമാതിരി രാഷ്ട്രീയക്കാരന്റെ മട്ടും മാതിരീ കണ്ടപ്പോ ഇമ്മടെ "ഞോണ്ടഫ്‌" (ഞോണ്ടല്‍ന്റെ "ഞോണ്ട" യും പിന്നെ ഭാക്കി ജൊ...ഫില്‍ നിന്നും) ഗ്രൂപ്പുകാരനാണെന്ന് തോന്നിക്കാണും ആ അമ്മാമക്ക്‌.എന്റീശോയേ ഈ വയസ്സുകാലത്ത്‌ എന്നെ ടീവീക്കാരുടെ വിചാരണക്ക്‌ ഇട്ടുകൊടുക്കല്ലെ..! ന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചിട്ടും ഉണ്ടാകും.

അതിനവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല.വെറൈറ്റി പീഠനങ്ങളെകുറിച്ചും വി.ഐ.പീ പീഠനങ്ങളെകുറിച്ചുമൊക്കെ ടി.വീ ല്‍ വരുന്ന വാര്‍ത്തകള്‍ അവരും കണ്ടിരിക്കുമല്ലോ?

കൊടകരപുരാണം പറയാഞ്ഞതു നന്നായി പറഞ്ഞിരുന്നേല്‍ ചിരിച്ച്‌ ചിരിച്ച്‌ മണ്ണുകപ്പാന്‍ വേണ്ടി പ്ലെയ്നീന്ന് ചാടിയേനെ!
കൊലകൊല്ലീന്നൊരു മൊതലുതുടങ്ങീത്‌ അറിഞ്ഞിരുന്നില്ല എന്നാലും ഈ വയസ്സുകാലത്ത്‌ അതും മകള്‍ക്കുണ്ടായതില്‍ ഒരെണ്ണം കറുത്തതായിപ്പോയതിന്റെ ദുഖവുമായിരിക്കുന്ന ആ സ്ത്രീയോട്‌ ബ്ലോഗ്ഗിനെകുറിച്ച്‌ പറയുവാന്‍ മാത്രം കഠിനഹൃദയനായിപ്പോയല്ലോ? കഷ്ടം..

മിന്നാമിനുങ്ങ്‌ said...

വിശാലേട്ടന്‍ പുതിയ പോസ്റ്റിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ ഓടിയെത്തിയതായിരുന്നു,ഇന്നലെ
പക്ഷെ,കമന്റാനൊത്തിയില്ല,എന്തൊ എററാണു പോലും.ഏതായാലും ഇന്നെങ്കിലും കമന്റാനൊത്തല്ലൊ,ഭാഗ്യം
വായിച്ചു രസിച്ചു,വിശാല്‍ജി,ബ്ലോഗെന്നു കേട്ടപ്പോഴെ അമ്മാമയുടെ ഉറക്കം തിരിച്ചുവന്നു.അപ്പൊ,കൊടകരപുരാണം എന്നു പറഞ്ഞിരുന്നെങ്കില്‍ അമ്മാമ്മ ബോധം കെട്ടേനെ,അല്ലെ വിശാല്‍ജി?
എയറിന്ത്യാ എക്സ്പ്രെസ്സ്‌ വന്നതിനു ശേഷം വിശാല്‍ജി ഇടക്കിടക്ക്‌ നാട്ടില്‍ പോകുന്നുണ്ടല്ലെ?പുരാണത്തിലേക്കൊരു കോപ്പൊരുക്കാന്‍.