Saturday, November 04, 2006

ആകാശത്ത് വച്ച്..

ഇത്തവണയും സീറ്റ്‌ കിട്ടിയത്‌ ഒരമ്മാമ്മയുടെ അടുത്ത്‌ തന്നെ.

ഇതും കൂട്ടി മൊത്തം ഇരുപത്തി നാലാം വിമാനയാത്രയാണ്‌. അടുത്ത സീറ്റില്‍ അമ്മാമ്മ വന്നുപെടുന്നത്‌ പതിനാലാം തവണ! അതിന്റെ ഗുട്ടന്‍സ്‌ എന്താണെന്ന് മനസ്സിലായിട്ടില്ല. ലൈഫില്‍ പതിനെട്ടു തവണ പാമ്പുകടികൊണ്ട ആലപ്പുഴക്കാരി സൗദാമിനിയെപ്പോലെ മറ്റൊരു വിധി.

രൂപത്തിലും വേഷത്തിലും ഭാവത്തിലും സ്വഭാവത്തിലും വെവ്വേറെ പ്രകൃതക്കാരായ പതിനാല് അമ്മാമ്മമാര്‍.

ഇന്നെന്റെ അരികത്തിരിക്കുന്ന അമ്മാമ്മ ഇച്ചിരി തടിച്ച പ്രകൃതമുള്ള ഇരു നിറത്തിലൊരു ഗൗരവക്കാരിയാണ്‌. കക്ഷിയുടെ അപ്പുറത്തെ വിന്റോ സൈഡിലിരിക്കുന്നത്‌ മോളോ മരുമോളോ ആയിരിക്കും. ഇനിയിപ്പോള്‍ കൊച്ചുമൊളാണോ എന്നും തീര്‍ച്ചയില്ല. പ്രൊട്ടെക്ഷനുവേണ്ടിയായിരിക്കും, എന്റെ സൈഡില്‍ അമ്മാമ്മയിരുന്നത്‌!

സീറ്റിലിരുന്നപാടെ, ഞാന്‍ അടക്കത്തോടെയും ഒതുക്കത്തോടെയും ഒന്ന് പുഞ്ചിരിച്ചു. വെറുതേ...

യാതൊരു പരിചയവുമില്ലാത്ത ഇവന്‍ എന്നെ എന്തിനുവേണ്ടിയാണ്‌ ചിരിച്ചുമയക്കുന്നതെന്നോര്‍ത്തോ എന്തോ, കക്ഷി തിരിച്ചെന്നെ ഒരു വല്ലാത്ത നോട്ടം നോക്കി. എന്നിട്ട്‌ ഹാന്റ്‌ റെസ്റ്റില്‍ നിന്ന് കൈ എടുത്ത്‌ സാരിയുടെ കിടപ്പ്‌ ഒന്ന് കൂടെ ഡബിള്‍ ചെക്ക്‌ ചെയ്ത്‌, അങ്ങേ സീറ്റിലേക്ക്‌ ചേര്‍ന്ന് ഒതുങ്ങിയങ്ങിരുന്നു.

പാവം എന്നെ തെറ്റിദ്ധരിച്ചു!

അമ്മാമ്മക്കാണേ ഉറക്കം കലശലായി വരുന്നുണ്ട്‌. പക്ഷേ ചുള്ളത്ത്യാര്‌ ഉറങ്ങുന്നില്ല. എന്നെ ഭയന്നിട്ടാണോ എന്നറിയില്ല, ഇടക്കിടെ എന്നെ ഒളികണ്ണിട്ട്‌ നോക്കുന്നുണ്ട്‌. പക്ഷെ ചുളുങ്ങിയ കണ്‍ പോളയുള്ള പാവം കണ്ണുകള്‍ അറിയാതെ അടഞ്ഞടന്‍ഞ്ഞ്‌ പോകുന്നു.

നമ്മുടെ ബഹുമാന്യ മന്ത്രിയുടെ കേസുകെട്ട്‌ കേട്ടതില്‍ പിന്നെ വിമാനത്തില്‍ യാത്ര ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും ഒന്നാകെ പേടിച്ചിരിപ്പാണല്ലോ! മനസ്സാ വാചാ അറിയാത്ത കാര്യത്തിന്‌ അമ്മാമ്മ പാമ്പുകടിക്കാനായിട്ട് എന്നെയെങ്ങാന്‍ തെറ്റിദ്ധരിച്ച്‌ വിളിച്ചുകൂവിയാല്‍..ഹമ്മേ! അമ്മാമ്മയുടെ പ്രായമുള്ള സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എന്നെ കേരള ജനത കല്ലെറിയുന്നത് സഹിക്കും. പക്ഷെ സോനയോട് എന്ത് പറഞ്ഞ് സമാധാനിപ്പിക്കും? ഞാന്‍ പരമാവധി ഒതുങ്ങിയിരുന്നു.

ഭാഗ്യം. എന്തായാലും സ്നാക്ക്‌ ബോക്സ്‌ വന്നപ്പോള്‍ അമ്മാമ്മയുടെ കമ്പ്ലീറ്റ്‌ ഉറക്കം പോയി തലമുടിയൊന്ന് ഒതുക്കി സീറ്റില്‍ കക്ഷി നിവര്‍ന്നിരുന്നു.

'ഒരു കേയ്ക്ക്‌ പീസ്‌, ഒരു പഫ്സ്‌, കായ വറുത്തത്‌ ഒരുപിടി, ത്രികോണന്‍ ചീസ്‌ സാന്റ്വിച്ച്‌ ഒരെണ്ണം, ഒരു ജ്യൂസും പിന്നെയൊരു കുഞ്ഞുകുപ്പി വെള്ളവും'

ആരാണ്ട്രാ പറഞ്ഞത്‌ എയര്‍ ഇന്ത്യ എക്സ്‌പ്രസ്സില്‍ പൊടിയരിക്കഞ്ഞിയും 50 പൈസയുടെ കവര്‍ ആച്ചാറും ഉണക്കമുള്ളനുമാണ്‌ കിട്ടുകയെന്ന്‌? മാതൃരാജ്യ വിമാനസര്‍വീസ്‌ സ്‌നേഹമില്ലാത്തവര്‍!

ചായയും കാപ്പിയും ആവശ്യക്കാര്‍ക്ക്‌ ആവശ്യം പോലെ കിട്ടും. പക്ഷെ, ചോദിച്ച്‌ വാങ്ങണം. എന്റെ ഈ അമ്മാമ്മക്ക്‌ ചായ കുടിച്ചാല്‍ കൊള്ളാമെന്നുണ്ട്‌. പക്ഷെ, എയര്‍ ഹോസ്റ്റസിനോട്‌ ചോദിക്കാനൊരു മടി.

അമ്മാമ്മയുടേ ആഗ്രഹം മനസ്സിലാക്കി ഞാന്‍ എയര്‍ഹോസ്റ്റസിനോട്‌,

കടുപ്പത്തില്‍ പാല്‌ കൂട്ടി മധുരം കുറച്ച്‌ ഒരു ചായ അമ്മാമ്മക്കും ലൈറ്റ്‌ ഒരെണ്ണം എനിക്കും പറഞ്ഞു.

ചായ കുടിക്കുമ്പോള്‍ ഞാന്‍ ആ ചേടത്ത്യാരുടെ കണ്ണുകള്‍ എന്റെ നേരെ നോക്കിതിളങ്ങുന്നത്‌ ഞാന്‍ കണ്ടു.

അങ്ങിനെ ആ ഒറ്റ ചായയില്‍ അമ്മാമ്മ വീണു. ഉറക്കം പോയ അമ്മാമ്മ എന്നോട്‌ വര്‍ത്താനം പറഞ്ഞു തുടങ്ങി.

മോന്റെ പേരെന്നതാ? വീടെവിടാ? എന്ന രണ്ട്‌ ഒറ്റച്ചോദ്യങ്ങള്‍ക്ക്‌ ഞാന്‍ ഒരിരട്ടയുത്തരം നല്‍കി.

പറയാന്‍ തുടങ്ങുന്ന വലിയ വര്‍ത്തമാനത്തിന്റെ ചെറിയ ഒരു തുടക്കം മാത്രമാണിതെന്ന് എനിക്ക്‌ ആ ചോദ്യങ്ങളില്‍ നിന്നു തന്നെ മനസ്സിലായി.

അമ്മാമ്മയുടെ വീട്‌ ഏറ്റുമാനൂരാണത്രേ. ഒരേയൊരു മോളേയുള്ളു. അവര്‍ ഷാര്‍ജ്ജയില്‍ നേഴ്സാണ്‌.(ഞാന്‍ കരുതിയ പോലെ അരികത്തിരിക്കുന്ന പെണ്‍കൊടി അമ്മാമ്മയുടെ ആരുമല്ല)ആ മോളുടെ പ്രസവത്തിനായി വന്നതാണത്രേ ഗള്‍ഫില്‍. സുഖപ്രസവമായിരുന്നു. ഇരട്ടക്കുട്ടികളായിരുന്നത്രേ. ഒരാണും ഒരു പെണ്ണും. ആണ്‍ കുട്ടി അമ്മാമ്മയുടെ മോളെപ്പോലെ വെളുത്തതും പെണ്‍കുട്ടി അച്ഛനെപ്പോലെ കറുത്തതും. അതിലമ്മാമ്മക്ക്‌ കര്‍ത്താവിനോടിത്തിരി പരാതിയുണ്ടത്രേ. അതൊരുമാതിരി മണകുണാഞ്ചന്‍ എടവാടായിപ്പോയത്രേ!

ഞാന്‍ ചെറുങ്ങനെയൊന്നു ചിരിച്ചു.

ചര്‍മ്മം കണ്ടപ്പോള്‍ ഊഹിച്ച പ്രായം വച്ച് ഈ അറുപത്‌ വയസ്സോളമായ അമ്മാമ്മയുടെ മോള്‍ ഇപ്പോള്‍ പ്രസവിക്കുകയോ? ആരാണ്‌ താമസിപ്പിച്ചത്‌? അമ്മാമ്മയോ മോളോ? ഒരു ചോദ്യചിഹ്നം എന്റെ തലക്കുമുകളില്‍ അമ്മാമ്മയെ നോക്കി നിന്നു.

മോള്‍ ഒരു സുന്ദരിയും പഠിപ്പില്‍ അതി സമര്‍ത്ഥയുമായിരുന്നെന്ന സൂചന കിട്ടിയപ്പോള്‍ എനിക്ക്‌ ആ സംശയം മാറി. അമ്മാമ്മയുടെ കെട്ട്‌ ലേറ്റ്‌. ഡെലിവറി അറ്റ്‌ ഫോര്‍ട്ടി!

‘ഇതെന്റെ മോള്‍ വാങ്ങിത്തന്നതാ‘ തിളങ്ങുന്ന കൃഷ്ണമണികള്‍ കൊണ്ടെന്നെ നോക്കിക്കൊണ്ട്‌ സന്തോഷത്തോടെ എന്നോട്‌ പറഞ്ഞു.
രണ്ട്‌ പുത്തന്‍ വളകള്‍! അത്യാവശ്യം പ്രായം തോന്നിക്കുന്ന ചുളുങ്ങിയ തൊലിയുള്ള ആ അമ്മാമ്മയുടെ കൈതണ്ടയില്‍ ആ വളകള്‍ കിടന്ന് തിളങ്ങി.

അമ്മാമ്മ എന്നോട്‌ ആദ്യവും അവസാനവുമായി ആ രണ്ടേ രണ്ടു ചോദ്യങ്ങളേ ചോദിച്ചുള്ളൂ. പിന്നെയൊന്നും തന്നെ ചോദിക്കാതെ അമ്മാമ്മയുടെ ആഗമനോദ്യേശ്യവും കാര്യങ്ങളും മുഴുവന്‍ പറഞ്ഞു.

അതിന്റെ ശേഷം അമ്മാമ്മയുടെ കല്യാണം ലേയ്റ്റായതിനെപ്പറ്റിയും റബര്‍ ടാപ്പിങ്ങ് തൊഴിലാളിയായിരുന്ന അപ്പാപ്പന്‍ കരിക്കിടാന്‍ കയറിയപ്പോള്‍ തെങ്ങില്‍ നിന്ന് ബങ്കി ചമ്പിങ്ങ്‌ നടത്തി പണിക്ക്‌ പോക്ക്‌ നിര്‍ത്തിയതും പിന്നീടനുഭവിച്ച കഷ്ടപ്പാടുകളും ആടുവളര്‍ത്തിയ കഥയും അതിലൊന്ന് വണ്ടി തട്ടി ചത്തതുമെല്ലാം ബ്രീഫ്‌ ചെയ്തത്‌ ഡീറ്റെയ്‌ല്‌ ആയി പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു.

അമ്മാമ്മ 'ബ്ലോഗ്‌' എന്ന് കേട്ടിട്ടുണ്ടോ?

'അതെന്ത്‌ കുന്തം?' എന്ന ചോദിക്കാനുള്ള മനസുള്ള മുഖമോടെ നിന്ന അമ്മാമ്മക്ക്, ഇത് അറിയുവാനുള്ള ആഗ്രഹം ഒന്നും ഞാന്‍ കണ്ടില്ലെങ്കിലും പറയുവാനുള്ള ആഗ്രഹം കാരണം ഞാന്‍ ബ്ലോഗിനെപ്പറ്റിയും ബൂലോഗത്തെപ്പറ്റിയും യൂണിക്കോഡിനെക്കുറിച്ചും വരമൊഴിയെപ്പറ്റിയും കീമാനെപ്പറ്റിയും പറഞ്ഞു.

അതോടെ അമ്മാമ്മക്ക്‌ നഷ്ടപ്പെട്ട ഉറക്കം കണ്ണുകളിലൂടെ വീണ്ടും അകത്ത്‌ പ്രവേശിക്കുന്നതും അത്‌ വീണ്ടും പുറത്തേക്ക്‌ പോകാതിരിക്കാന്‍ കണ്ണുകള്‍ അടയുന്നതും ഞാന്‍ കണ്ടു.

അതോടെ ഞാന്‍ എന്റെ സീറ്റില്‍ നിന്നെണീറ്റ് മുകളീന്ന് ബാഗുമെടുത്ത് ഒഴിഞ്ഞ സീറ്റുകളുള്ള മുന്‍ഭാഗത്ത് പോയിരുന്ന് വരമൊഴി തുറന്നു. ഇതെഴുതി.

പി.എസ്.: നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല, പക്ഷെ, കൊടകര പുരാണത്തെക്കുറിച്ച്‌ ഞാന്‍ ഒന്നും പറഞ്ഞില്ല. സത്യം!