Thursday, November 29, 2007

അതെന്താ??

പൈലേട്ടന്റെ മോള്‍ മേഴ്സിക്കുട്ടി അമേരിക്കയിലാണ്. മരുമാനും കൊച്ചുമക്കളും അവിടെ തന്നെ.

ആണ്ടോടാണ്ട് കൂടുമ്പോള്‍ മേഴ്സി ഏന്റ് കമ്പനി നാട്ടില്‍ വരും. ഒരുമാസം ലീവിന്. മേഴ്സിച്ചേച്ചീടെ രണ്ടാമന് പ്രായം നാലേ ഉള്ളൂവെങ്കിലും ആളൊരു ജഗജില്ലിയാണ്. എന്ത് കേട്ടാലും എന്തുകണ്ടാലും സംശയമാണ്. 24 മണിക്കൂറ് സംശയം.

ആദ്യമാദ്യം പൈലേട്ടന്‍ ‘മിടുക്കന്‍. മിടുമുടുക്കന്‍‍.. ഗുഡ് ക്വസ്റ്റ്യന്‍.. ബ്രൈറ്റ് ബോയ്’എന്നൊക്കെ പറഞ്ഞെങ്കിലും പിന്നെ പിന്നെ ഗുഡ് ട്രൈനിന്റെ ബോഗികള്‍ പോലെ ഒന്നിനുപുറകേ ഒന്നായി വന്നതിന് ഉത്തരം പറഞ്ഞ് പറഞ്ഞ് ഒരു വഴിക്കായപ്പോള്‍ ആ അഭിപ്രായത്തിന് ഡിപ്രീസിയേഷന്‍ വന്നുകൊണ്ടിരുന്നു. പൈലേട്ടന്‍ കൊച്ചിനെ കാണുമ്പോള്‍ അവിടന്ന് എത്രയും പെട്ടെന്ന് സ്കൂട്ടായി നടന്നും തുടങ്ങിയത്രേ.

ഒരു ദിവസം, പൈലേട്ടന്‍ കൈക്കോട്ടിന് മുളയുടെ പൂള്‍ വക്കുമ്പോള്‍ കൊച്ച് വന്ന് ചോദിച്ചു.

‘ഇതെന്താ?’

‘കൈക്കോട്ട്!‘

‘ഇതെന്തിനാ?’

‘മണ്ണ് കിളക്കാന്‍ ‘

‘അതെന്തിനാ?‘

അന്തമില്ലാതെ വരുന്ന ചോദ്യശരങ്ങള്‍ കേട്ട് കുരു പൊട്ടിയ പൈലേട്ടന്‍ ഇരുന്നിടത്തുനിന്നും ചാടിയെണീറ്റ് അക്രോശിച്ചുകൊണ്ട് പറഞ്ഞു:

‘ഒരു വല്യ കുഴി കുത്തി എന്നേം നിന്റെ അമ്മാമ്മേം അതിലിട്ട് മൂടാന്‍! പാമ്പുകടിക്കാന്‍... മനുഷ്യന് തലചെവിക്ക് ഒരു ത്വയിരം കിട്ടിയിട്ട് ആഴ്ച രണ്ടായി.. രോമം ക്ടാവേ... കൈക്കോട്ടും തായയാ എന്റെ കയ്യില്‍!‘

26 comments:

കറുമ്പന്‍ said...

ഠോ..ഠോ ...തേങ്ങ അടിയില്‍ താല്പ്പര്യം ഉണ്ടായിട്ടല്ല...കിട്ടിയ അവസരം എന്തിനാ കളയുന്നേ :)

പി.പി.Somarajan said...

രണ്ടാം തേങ്ങ എന്റെ വക!

കുഞ്ഞന്‍ said...

ഹഹ...

ഒരു ഡയലോഗു വിട്ടു പോയി..” കുരുത്തം കെട്ട സന്തതി മനുഷ്യനെ മെനക്കെടുത്താന്‍..”

ഒന്നു വച്ചാല്‍ മൂന്നെന്നാണല്ലൊ (മ)പ്രാണം..അതിനാല്‍ മൂന്നാം തേങ്ങ എന്റെ വക..ഠേ..ഠിം..

സനാതനന്‍ said...

രോമം ക്ടാവേ... കൈക്കോട്ടും തായയാ എന്റെ കയ്യില്‍!‘

തര്‍ജ്ജമ കലക്കി

വി.ആര്‍. ഹരിപ്രസാദ് said...

അമേരിക്കേലെ
കൈക്കോട്ടിന്‌
തായീണ്ടാവോ..
ആ ക്‌റാവിനെ
പറഞ്ഞിട്ടെന്താ.
പൈലേട്ടന്‍
ആളു ശെര്യല്ലാട്ട്‌റാ..

kaithamullu : കൈതമുള്ള് said...

രോമം ക്ടാവേ....

മന്‍സുര്‍ said...

വിശാല്‍ജീ...

ഈ കൈകോട്ടെന്താ...??

പൈലറ്റ്‌ ഏട്ടന്‍ എന്താ..??

കുഴിയെന്തിനാ..?
കുഴിച്ച്‌ മൂടുന്നതെന്തിനാ...??

ഈ കൈക്കോട്ട്‌ നമ്മുടെ നാടന്‍ കോട്ടാ..??

ഇതൊക്കെ എന്തിനാ...?

അതെന്താ ദേഷ്യപ്പെടുന്നത്‌..??

ഇത്ര പോരെ.... ഇനി എന്നെയുമടിക്കാന്‍ വരും പൈലറ്റ്‌ ഏട്ടന്‍

നന്‍മകള്‍ നേരുന്നു

ഉറുമ്പ്‌ /ANT said...

:)

കൃഷ്‌ | krish said...

ഹാ..ഹാ.!!
:)

പ്രയാസി said...

‘ഒരു വല്യ കുഴി കുത്തി എന്നേം നിന്റെ അമ്മാമ്മേം അതിലിട്ട് മൂടാന്‍! പാമ്പുകടിക്കാന്‍... മനുഷ്യന് തലചെവിക്ക് ഒരു ത്വയിരം കിട്ടിയിട്ട് ആഴ്ച രണ്ടായി.. രോമം ക്ടാവേ... കൈക്കോട്ടും തായയാ എന്റെ കയ്യില്‍!‘

അതെന്താ വിശാല്‍ജീ..!?

ശ്രീ said...

വിശാലേട്ടാ...

:)

അഭയാര്‍ത്ഥി said...

Scene-2

പൈലുവേട്ടന്റെ ചായക്കട(നേരമ്പോക്കിനുള്ള-56 കളിക്കുന്നതിനിടെ പപ്പട വടയും ചായും വില്‍ക്കുന്നു).


ഒരു പറ്റം നാടുകാണാനിറങ്ങിയ കോളേജ്‌ കിന്നരന്മാര്‍-"ഒരു ചായ, ഒരു കാപ്പി, ഒരു പാലും വെള്ളം.ഒര്‍! കട്ടന്‍ ചായ, ഒര്‌ കടുംകാപ്പി, ഒന്നില്‌ മധിരം കുറവ്‌, ഒന്നില്‌ വെള്ളം കുറവ്‌, ഒന്ന്‌ കടുപ്പത്തില്‍ എനിക്ക്‌ ബെന്നും പഴവും മതി............."

അടുപ്പില്‍ കത്തുന്ന വിറകിലേക്ക്‌ ഒരു കപ്പ്‌ വെള്ളമൊഴിച്ച്‌ പൈലു ആക്രോശിക്കുന്നു -"ഏണ്ട്റ്റ്‌ പോട മൈകളെ... "

കൂളായി പോയി 56 കളി തുടരുന്നു.


എന്നേക്കൊണ്ട്‌ ഇതൊക്കെ ചിന്തിപ്പിക്കുന്നതുപോലെ വിശാലനെഴുതുമ്പോള്‍ എല്ലാവരേയും ഓര്‍മകളിലേക്ക്‌ കൂപ്പുകുത്തിക്കുനത്‌ എഴുത്ത്‌ റ്റെക്നോളജി.

അഭിലാഷങ്ങള്‍ said...

ആരാ ഈ പോസ്റ്റ് ഇവിടെ കുഴിച്ചിട്ടത്?

ആരാ?

വിശാലനോ?...ങേ, വിശാലമനസ്കനോ?

അതെന്താ? അതെന്ത് സാധനമാ?

വിശാലമായ മനസ്സാണോ?

വിശാല യുടെ മനസ്സാണോ?

ങേ?

:-)

മൂര്‍ത്തി said...

:)ഇതിനും ലെഫ്റ്റും റൈറ്റിനും. ഉപ്പായി മാപ്പിളയോട് (അതോ പ്രസിഡന്റിനോടോ)ബോബനും മോളിയും കുറെയേറെ സംശയങ്ങള്‍ ചോദിക്കും. ഒന്നിനും പുള്ളിക്ക് ഉത്തരം അറിയില്ല. അവസാനം ബോബന്‍ “ ഞങ്ങള്‍ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ചോ?” എന്ന് ചോദിക്കുമ്പോള്‍ ഒരു ക്ലാസിക് മറുപടി ഉണ്ട്.
“ ഹേയ്..ഇങ്ങനെ അറിയാത്ത കാര്യങ്ങള്‍ ചോദിച്ച് ചോദിച്ച് തന്നെ മനസ്സിലാക്കണം.“

മുരളി മേനോന്‍ (Murali Menon) said...

ആ സംഭവത്തിനുശേഷം ക്ടാവ് അമേരിക്കേല് ചെന്നട്ടാ വായ തൊറന്നേന്ന് നാട്ടുകാര് പറയണ്ണ്ട് ട്ടാ, സത്യണോന്ന് അറിയില്ല...പക്ഷെ പിന്നെ അപ്പാപ്പന്റെ അടുത്തക്ക് വന്നട്ടില്ല - ചോദിച്ചപ്പോ അവന്‍ മനസ്സില്‍ പറഞ്ഞത്രെ, ആ രോമം അപ്പാപ്പന്റെ അടുത്തേക്ക് എന്റെ പട്ടി പൂവുംന്ന്.
:)) സൊയമ്പനായിട്ടാ വിശാലാ

മുക്കുവന്‍ said...

അങ്ങനെ ചോദിച്ച് മനസ്സില്ലാക്കി... കൈകോട്ടെന്തിനാ... കുഴിച്ചുമൂടാന്‍!

ഭൂമിപുത്രി said...

പൈലിച്ചേട്ടന്റെ പൊട്ടിത്തെറിയും കൊടകരയില്‍ത്തന്നെയാണോ മുഴങ്ങിയതു?

സഹയാത്രികന്‍ said...

ഹി ഹി ഹി... എനിക്ക് വയ്യ... ഈ പൈല്യേട്ടന്‍...
:)

മിനീസ് said...

"രോമം ക്ടാവേ... കൈക്കോട്ടും തായയാ എന്റെ കയ്യില്‍!"
ഓരോര്ത്തരുടെ കഷ്ടകാലം കണ്ട് ബാക്കിള്ളോര് ചിരിക്കുക... ചിരിപ്പിക്ക്, ചിരിപ്പിക്ക്...!!!!

നിരക്ഷരന്‍ said...

രോമം ക്ടാവു്‌ കലക്കി.

വെള്ളെഴുത്ത് said...

അടച്ചിട്ട കുളിമുറിയ്ക്കകത്തു നിന്ന്..
“ഇതെന്തിര് മാമാ..?”
“എടാ ഇത് മഗ്.. വെള്ളം കോരിയൊഴിക്കാനുള്ള മഗ്.”
‘ഇദാ‍ാ....?”
“പൈപ്പെടാ.. പൈപ്പിന്റെ ടാപ്പ്..”
‘ഇതെന്തിര്‍ മാമാ...?”
“ഛീ..വിടടാ..”

വാല്‍മീകി said...

ആര്‍ക്കായാലും ക്ഷമ നശിക്കും. നന്നായി വിശാലേട്ടാ..

lekhavijay said...

സൈക്കിള്‍ ടൂറിനു ശേഷം ചെറുചിരികള്‍ മാത്രം തന്നിരുന്ന എഴുത്തുകാരന്‍ ഇവിടെ പൊട്ടിച്ചിരിപ്പിച്ചു.ഇനിയും മെച്ചപ്പെടാനുണ്ടോ..?

ധ്വനി said...

സമാധാനമായിട്ടു ചിരിച്ചും കളിച്ചും വായിച്ചു വന്നതാ. അവസാനത്തെ പൈലേട്ടന്റെ വിരട്ടല്‍ വന്നപ്പോ ഞാന്‍ കസേരയില്‍ നിന്ന് അറിയാതെ എണീറ്റു പോയി!

ത്വയിരം താ മനുഷ്യാ! (പൈലിച്ചേട്ടനോട്!)

ദിവ (Slooby) said...

:-)
അപ്പുറത്ത് ഉമേഷ്ജിയ്ക്കാണെങ്കില്‍ ചോദ്യം ചോദിക്കാന്‍ മടി. ഇവിടെ, ചോദ്യം ചോദിക്കുന്ന പിള്ളേര്‍ക്ക് കിട്ടുന്ന ഉത്തരം ഇങ്ങനെ !

:-)

അഭിലാഷങ്ങള്‍ said...

വിശാൽജീ..

ഇവിടെ ഷാർജ്ജയിൽ ഒരു റിലേട്ടീവിന്റെ വീട്ടിൽ സേം സേം.. രണ്ട് പിള്ളേരെ ഈയിടെ പരിചയപ്പെട്ടു. ഒരുത്തൻ രോഹിത്ത്. മറ്റേത് തേജസ്വിനി.

ചെക്കനു ഭൂമിയിലുള്ള കാര്യങ്ങളെ പറ്റി ഒന്നും അറിയേണ്ട. ചോദ്യങ്ങൾ മൊത്തം സ്പേസ് റിലേറ്റഡ്. നാസയിലെ ഏതോ ‘ശാസ്ത്രജ്ഞൻ‘ ഇന്ത്യയിലെ ഏതോ ‘ശാസ്ത്രഅജ്ഞനോട്‘ ചോദ്യം ചോദിക്കും പോലെ ചെക്കൻ എന്നോട് ചോദ്യങ്ങൾ ചോദിച്ച് ചോദിച്ച് അവിടെ നിന്ന് കഴിച്ചതല്ലാം ദഹിപ്പിച്ചിട്ടേ പറഞ്ഞയക്കാറുള്ളൂ.. :(

മറ്റേ ചെറിയ മോൾ ഡീസന്റാ.. ആരെ കണ്ടാലും ഒരേ ഒരു ചോദ്യം മാത്രമേ ചോദിക്കു.. “അങ്കിളേ.. നമ്മക്ക് കല്യാണം കഴിക്കാം?”.

(എന്നോടും ചോദിച്ചു ആ LKG മോൾ സേം ക്വസ്റ്റ്യൻ. “നമ്മക്ക് കല്യാണം കഴിക്കാം?” എന്ന്! കേട്ടപ്പോ എന്തോ നല്ല രസം.. ഇതുവരെ ആരും ചോദിച്ചിട്ടില്ലേയ്... അതാ..)

:)